'ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ട, വല്ലാണ്ട് കളിക്കാൻ നിൽക്കേണ്ട'; ആർഎസ്എസിനെതിരേ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആർ.എസ്.എസിനും പൊലീസിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യാനും ആക്രമിക്കാനും മുതിർന്നാൽ ശക്തമായി ചെറുക്കുമെന്നും, ആർ.എസ്.എസിന് ഒത്താശ ചെയ്യുന്ന പൊലീസ് നിലപാട് അവസാനിപ്പിക്കണമെന്നും വേങ്ങാട്ട് നടന്ന പൊതുയോഗത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.
കണ്ണൂർ: ആർ.എസ്.എസിനും പൊലീസിനുമെതിരെ കടുത്ത വിമർശനവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. സംഘ്പരിവാർ ശക്തികൾക്ക് മുന്നിൽ പൊലീസ് ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച രാഗേഷ്, ആർ.എസ്.എസിനെതിരെ കടുത്ത മുന്നറിയിപ്പും നൽകി. കണ്ണൂർ വേങ്ങാട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് ആണെന്ന് പറഞ്ഞ് ക്ഷേത്രങ്ങളിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കള്ള് കുടിക്കുന്നവരുടെയും കഞ്ചാവ് അടിക്കുന്നവരുടെയും താവളമല്ല ക്ഷേത്രങ്ങൾ. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് പോകുന്ന കുട്ടികളെ ആർ.എസ്.എസ് ശാഖകളിലേക്ക് ആകൃഷ്ടരാക്കുകയാണ്. ഇത്തരത്തിൽ പോകുന്ന കുട്ടികളുടെ സ്വഭാവം മാറുകയും ചുവന്ന കൊടികൾ നശിപ്പിക്കാൻ അവർ തുനിയുകയും ചെയ്യും. കൃഷ്ണനാകാൻ പോകുന്ന കുട്ടികളെ ആർ.എസ്.എസ് ഒടുവിൽ കംസന്മാരാക്കി മാറ്റുകയാണ് ചെയ്യുന്നത്. ആർ.എസ്.എസ് വല്ലാണ്ട് കളിക്കാൻ നിൽക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംസ്ഥാന പൊലീസിനെതിരെയും രൂക്ഷമായ ഭാഷയിലാണ് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. ആയുധങ്ങളുമായി സംഘടിക്കുന്ന ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല. എന്നാൽ സി.പി.എം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികൾക്ക് മൈക്ക് അനുമതി പോലും നിഷേധിക്കുകയാണ്. ഈ രീതിയിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ലാത്തിയും തോക്കും വലിച്ചെറിഞ്ഞ് പൊലീസ് വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലതെന്നും, സ്വന്തം കടമ നിറവേറ്റാൻ പൊലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങളെ ആക്രമിക്കാൻ വന്നാൽ ആർ.എസ്.എസിനോട് 'പാൽ കുടിച്ചിട്ട് പൊയ്ക്കോ' എന്ന് പറയുന്ന നിലപാട് സി.പി.എമ്മിനില്ലെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.




