സൂരിയുടെ 150 കോടി ചിത്രം; മണ്ടാടിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു, സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സൂരി നായകനായ 150 കോടി ക്ലബ് ചിത്രം 'മണ്ടാടി' ഒക്ടോബർ എട്ട് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കുന്നു. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ഈ ആക്ഷൻ ഡ്രാമയിൽ മഹിമ നമ്പ്യാരാണ് നായികയായി എത്തുന്നത്.
ചെന്നൈ: നടൻ സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ആക്ഷൻ ഡ്രാമ ചിത്രം 'മണ്ടാടി' ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സിലൂടെ ഒക്ടോബർ എട്ട് മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
തിയേറ്ററുകളിൽ വൻ പ്രേക്ഷകപ്രീതി നേടിയ ചിത്രം ആഗോളതലത്തിൽ 150 കോടി രൂപയിലധികം കളക്ഷൻ നേടിയിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 100 കോടി രൂപയാണ് ചിത്രം വാരിയത്. കടലോര പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ആക്ഷൻ ചിത്രത്തിൽ തമിഴ്‌നാട് തീരപ്രദേശത്തെ സവിശേഷമായ സെയിലിംഗ് ബോട്ട് മത്സരവും മത്സ്യബന്ധന സമൂഹത്തിന്റെ ജീവിതവുമാണ് പ്രമേയം.
മലയാളി താരം മഹിമ നമ്പ്യാരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തെലുങ്ക് നടൻ സുഹാസ് വില്ലൻ വേഷത്തിലെത്തുമ്പോൾ സത്യരാജ്, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആർ.എസ്. ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാർ നിർമ്മിച്ച ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും എസ്.ആർ. കതിർ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. പ്രദീപ് ഇ. രാഘവാണ് എഡിറ്റിംഗ്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.




