2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ജമ്മു കശ്മീരിനെ തകര്‍ത്തു, ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യക്ക്; ജയം 167 റണ്‍സിന്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 4, ഞായർ | 03:09 PM
പങ്കുവെക്കുക:
ജമ്മു കശ്മീരിനെ തകര്‍ത്തു, ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യക്ക്; ജയം 167 റണ്‍സിന്
ജമ്മു കശ്മീരിനെ തകര്‍ത്തു, ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യക്ക്; ജയം 167 റണ്‍സിന്കേരളപ്രഭാതം

ഇറാനി കപ്പ്: പേസർ മുകേഷ് കുമാറിന്റെ ആറ് വിക്കറ്റ് പ്രകടനത്തിൽ ജമ്മു കശ്മീരിനെ 167 റൺസിന് തകർത്ത് റെസ്റ്റ് ഓഫ് ഇന്ത്യ 31-ാം കിരീടം സ്വന്തമാക്കി. 279 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കശ്മീർ രണ്ടാം ഇന്നിങ്സിൽ 111 റൺസിന് പുറത്താവുകയായിരുന്നു.

ന്യൂഡൽഹി: പേസ് ബൗളർമാരായ മുകേഷ് കുമാറിന്റെയും ആകാശ് ദീപിന്റെയും മാരക ബൗളിങ് മികവിൽ നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കശ്മീരിനെ തകർത്തെറിഞ്ഞ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് 31-ാം ഇറാനി കപ്പ് കിരീടം. 167 റൺസിനാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ വിജയം. 279 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ജമ്മു കശ്മീർ 111 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.


ഒന്നാം ഇന്നിങ്സിലെ 41 റൺസ് ലീഡിന്റെ കരുത്തിൽ സമനില നേടിയാൽ പോലും കിരീടം ഉറപ്പായിരുന്ന ജമ്മു കശ്മീറിന് രണ്ടാം ഇന്നിങ്സിൽ അവിശ്വസനീയ തകർച്ചയാണ് നേരിടേണ്ടി വന്നത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 89 റൺസ് എന്ന ശക്തമായ നിലയിലായിരുന്ന കശ്മീരിന്, പിന്നീട് 22 റൺസ് ചേർക്കുന്നതിനിടെ ശേഷിക്കുന്ന ഏഴ് വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു.


33 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറാണ് കശ്മീരിന്റെ നട്ടെല്ലൊടിഞ്ഞത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ താരത്തിന്റെ 11-ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. ആകാശ് ദീപ് 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. ഇതോടെ കശ്മീരിന്റെ പോരാട്ടം 28.4 ഓവറിൽ അവസാനിച്ചു. അവസാന അഞ്ച് സീസണുകളിൽ റെസ്റ്റ് ഓഫ് ഇന്ത്യ നേടുന്ന മൂന്നാമത്തെ കിരീടമാണിത്.


ഖജൂരിയയും ഖമ്രാൻ ഇഖ്ബാലും ചേർന്ന് ഒന്നാം വിക്കറ്റിൽ 54 റൺസ് കൂട്ടിചേർത്ത് മികച്ച തുടക്കമാണ് കശ്മീരിന് നൽകിയത്. എന്നാൽ ഇഖ്ബാലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ആകാശ് ദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. തുടർന്ന് 15-ാം ഓവറിൽ ശുഭം പന്ദിറിനെയും ക്യാപ്റ്റൻ പരസ് ഡോഗ്രയെയും മുകേഷ് കുമാർ പുറത്താക്കിയതോടെ കശ്മീർ സമ്മർദത്തിലായി. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ പന്തിൽ തന്നെ ഖജൂരിയയെ വീഴ്ത്തി മുകേഷ് വീണ്ടും പ്രഹരമേൽപ്പിച്ചു. തുടർന്ന് കനയ്യ വാധ്വാനി, അഭിനവ് മുഷ്താഖ്, ഉമർ നസീർ, സുനിൽ കുമാർ എന്നിവരെ മുകേഷും, സാഹിൽ ലോത്രയെ ആകാശ് ദീപും പുറത്താക്കി വിജയം പൂർത്തിയാക്കി.


നേരത്തെ എട്ട് വിക്കറ്റിന് 306 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യ 319 റൺസിന് പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 135 റൺസ് നേടിയ സ്മരണാണ് ടീമിന് മാന്യമായ സ്കോർ സമ്മാനിച്ചത്. ഒന്നാം ഇന്നിങ്സിലും സ്മരൺ (68) തിളങ്ങിയിരുന്നു. ഒമ്പതാം വിക്കറ്റിൽ സ്മരണും മുകേഷ് ചൗധരിയും ചേർന്ന് കൂട്ടിച്ചേർത്ത 113 റൺസാണ് മത്സരത്തിൽ നിർണായകമായത്. ആദ്യ ഇന്നിങ്സിൽ റെസ്റ്റ് ഓഫ് ഇന്ത്യയെ 237 റൺസിന് പുറത്താക്കിയ ജമ്മു കശ്മീർ 278 റൺസെടുത്ത് 41 റൺസിന്റെ ലീഡ് നേടിയിരുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)