ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സര്‍പ്രൈസ് ചോയ്സായി ഭുവി, സഞ്ജു ടീമില്‍
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പരിക്കുമൂലം പുറത്തായിരുന്ന സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പര കണക്കിലെടുത്ത പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചു.
മുംബൈ: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ ക്യാപ്റ്റനായും തിലക് വർമ വൈസ് ക്യാപ്റ്റനായും തുടരുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി സ്ഥാനം നിലനിർത്തി. സീനിയർ പേസർ ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവാണ് ടീം പ്രഖ്യാപനത്തിലെ പ്രധാന ആശ്ചര്യം.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 36കാരനായ ഭുവനേശ്വർ കുമാർ വീണ്ടും നീലക്കുപ്പായത്തിലെത്തുന്നത്. 2022 നവംബറിൽ ന്യൂസിലൻഡിനെതിരെയായിരുന്നു ഭുവി അവസാനമായി ഇന്ത്യയ്ക്കായി ട്വന്റി20 കളിച്ചത്. ഐ.പി.എല്ലിൽ ആർ.സി.ബിക്ക് വേണ്ടി നടത്തുന്ന മികച്ച പ്രകടനമാണ് വെറ്ററൻ പേസർക്ക് വീണ്ടും വാതിൽ തുറന്നത്.
പരിക്കിന്റെ പിടിയിലായിരുന്ന സ്പിന്നർ വരുൺ ചക്രവർത്തിയും ടീമിലേക്ക് മടങ്ങിയെത്തി. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര മുൻനിർത്തി പ്രമുഖ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. അർഷ്ദീപ് സിങ്ങിനൊപ്പം പ്രിൻസ് യാദവ്, മായങ്ക് യാദവ്, ഭുവനേശ്വർ കുമാർ എന്നിവരാണ് പേസ് നിരയിലുള്ളത്. പേസ് ഓൾറൗണ്ടർമാരായി നിതീഷ് കുമാർ റെഡ്ഡിയും ശിവം ദുബെയും ഇടംപിടിച്ചപ്പോൾ, പരിക്കേറ്റ് പുറത്തായ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി. കൗമാര താരം വൈഭവ് സൂര്യവംശിയും വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലൂടെ അരങ്ങേറിയ സ്പിൻ ഓൾറൗണ്ടർ നമൻ ദിറും ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
ഇന്ത്യ 'എ' ടീമിനെയും പ്രഖ്യാപിച്ചു
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പര്യടനത്തിനുള്ള ഇന്ത്യ 'എ' ടീമിനെയും സെലക്ടർമാർ പ്രഖ്യാപിച്ചു. യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, കെ.എൽ. രാഹുൽ, വാഷിങ് ടൺ സുന്ദർ, സായ് സുദർശൻ, ഋഷഭ് പന്ത്, മുകേഷ് കുമാർ, ദേവ്ദത്ത് പടിക്കൽ, ആഖിബ് നബി എന്നിവരാണ് 'എ' ടീമിൽ ഇടംപിടിച്ച പ്രമുഖർ.




