2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വിക്കറ്റ് വേട്ടയുമായി ഹാർദിക് പാണ്ഡ്യയുടെ പകരക്കാരൻ; ഓസ്‌ട്രേലിയ എക്കെതിരെ ഇന്ത്യ എക്ക് 275 റണ്‍സ് വിജയലക്ഷ്യം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 03:16 PM
പങ്കുവെക്കുക:
വിക്കറ്റ് വേട്ടയുമായി ഹാർദിക് പാണ്ഡ്യയുടെ പകരക്കാരൻ; ഓസ്‌ട്രേലിയ എക്കെതിരെ ഇന്ത്യ എക്ക് 275 റണ്‍സ് വിജയലക്ഷ്യം
വിക്കറ്റ് വേട്ടയുമായി ഹാർദിക് പാണ്ഡ്യയുടെ പകരക്കാരൻ; ഓസ്‌ട്രേലിയ എക്കെതിരെ ഇന്ത്യ എക്ക് 275 റണ്‍സ് വിജയലക്ഷ്യംകേരളപ്രഭാതം

ഓസ്‌‌ട്രേലിയ 'എ'ക്കെതിരായ ഒന്നാം ഏകദിനത്തിൽ സൂര്യാൻശ് ഷെഡ്ഗെയുടെ നാല് വിക്കറ്റ് മികവിൽ ഇന്ത്യ 'എ'ക്ക് 275 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17 ഓവറിൽ 77 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് തകർച്ച നേരിടുകയാണ്.

പുതുച്ചേരി: ഓസ്‌ട്രേലിയ 'എ'ക്കെതിരായ ഒന്നാം അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഇന്ത്യ 'എ' ടീമിന് 275 റൺസ് വിജയലക്ഷ്യം. പുതുച്ചേരി സിചെം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ, പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരക്കാരനായി ടീമിലെത്തിയ മുംബൈ ഓൾറൗണ്ടർ സൂര്യാൻശ് ഷെഡ്ഗെ നാല് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഓസ്ട്രേലിയയെ 274 റൺസിൽ ഒതുക്കാൻ ഇന്ത്യക്കായത്.

ഏഴ് ഓവറിൽ 40 റൺസ് മാത്രം വഴങ്ങിയാണ് സൂര്യാൻശ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. വിൽ സതർലൻഡ് (77), നിഖിൽ ചൗധരി, ടോഡ് മർഫി, സ്പെൻസർ ജോൺസൺ എന്നിവരെയാണ് സൂര്യാൻശ് പുറത്താക്കിയത്. ഇന്ത്യക്കായി യാഷ് താക്കൂർ മൂന്നും അർഷാദ് ഖാൻ രണ്ടും നിഷാന്ത് സിന്ധു ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ 123 റൺസെടുത്ത നഥാൻ മക്‌സ്വീനിയുടെ സെഞ്ചുറിയാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ഒരു ഘട്ടത്തിൽ 87 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർച്ചയിലായിരുന്ന സന്ദർശകരെ ആറാം വിക്കറ്റിൽ ഒന്നിച്ച നഥാൻ മക്‌സ്വീനിയും ക്യാപ്റ്റൻ വിൽ സതർലൻഡും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് പടുത്തുയർത്തിയ 141 റൺസിന്റെ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയൻ ഇന്നിങ്സിന് കരുത്തായത്. മക്സ്വീനി 135 പന്തിൽ നിന്നാണ് 123 റൺസ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയും തുടക്കത്തിൽ തകർച്ച നേരിടുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 'എ' 17 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ്. 26 റൺസുമായി രജത് പാട്ടീദാറും 14 റൺസോടെ നിഷാന്ത് സിന്ധുവും ക്രീസിലുണ്ട്. സായ് സുദർശൻ (1), പ്രഭ്‌സിമ്രാൻ സിങ് (17), ദേവ്ദത്ത് പടിക്കൽ (0), ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)