2036ലെ ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങള്‍ രംഗത്ത്; അന്തിമ പ്രഖ്യാപനം 2029ൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

2036-ലെ ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഇന്ത്യ (അഹമ്മദാബാദ്) ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ രംഗത്തെത്തി. ഐ.ഒ.സി അംഗങ്ങളുടെ വോട്ടെടുപ്പിന് ശേഷം 2029 പകുതിയോടെ അന്തിമ പ്രഖ്യാപനമുണ്ടാകും.
ലൂസാൻ: 2036-ലെ ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾ മത്സരരംഗത്ത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (ഐ.ഒ.സി) ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യക്ക് പുറമെ ജർമനി, ഹംഗറി, ഖത്തർ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. വേദി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടുത്ത ഘട്ട നടപടിക്രമങ്ങൾക്ക് ഐ.ഒ.സി തുടക്കമിട്ടിട്ടുണ്ട്.
മത്സരിക്കുന്ന രാജ്യങ്ങളുടെ അന്തിമ പട്ടിക അടുത്ത മാസം ഐ.ഒ.സി ഔദ്യോഗികമായി പുറത്തുവിടും. നിർദിഷ്ട വേദികളെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തലുകൾ 2027 മാർച്ചിന് മുമ്പായി ഒളിമ്പിക് കമ്മിറ്റി പൂർത്തിയാക്കും. തുടര്‍ന്ന്, തെരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങളുമായി ചർച്ചകൾ നടത്തുകയും 2029 പകുതിയോടെ അന്തിമ വേദി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും. നൂറിലധികം വരുന്ന ഐ.ഒ.സി അംഗരാജ്യങ്ങളുടെ വോട്ടെടുപ്പിന് ശേഷമായിരിക്കും പ്രഖ്യാപനം. 2040, 2044 ഒളിമ്പിക്സ് വേദികളെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകളും ഇതൊടൊപ്പം നടക്കും.
വേദികളുടെ മാസ്റ്റർപ്ലാൻ, കായികതാരങ്ങൾക്കുള്ള സൗകര്യങ്ങൾ, സാമ്പത്തിക സ്രോതസ്സ്, രാഷ്ട്രീയ-പൊതുജന പിന്തുണ, കായികമാമാങ്കം വിജയകരമായി പൂർത്തിയാക്കാനുള്ള പ്രാപ്തി, ടൂർണമെന്റിന് ശേഷം അടിസ്ഥാനസൗകര്യങ്ങൾ പ്രാദേശിക സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കാനുള്ള ദീർഘകാല പദ്ധതി എന്നിവയാണ് വേദി നിർണ്ണയത്തിലെ പ്രധാന മാനദണ്ഡങ്ങൾ.
ഇന്ത്യയിൽ ഗുജറാത്തിലെ അഹമ്മദാബാദാണ് പ്രധാനമായും ഒളിമ്പിക് വേദിക്കായി പരിഗണിക്കുന്നത്. 2030-ലെ കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദ് വേദിയാകുന്നുണ്ട്. 2022-ലെ ഫുട്ബോൾ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ച ഖത്തറാണ് ഇന്ത്യക്ക് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. എന്നാൽ, ഒളിമ്പിക്സ് നടക്കുന്ന ജൂൺ-ജൂലൈ മാസങ്ങളിലെ ഖത്തറിലെ കടുത്ത ചൂട് തിരിച്ചടിയായേക്കാം.
തലസ്ഥാനമായ സോളിനെയാണ് ദക്ഷിണ കൊറിയ ഉയർത്തിക്കാട്ടുന്നത്. ജർമൻ നഗരമായ മ്യൂണിക്കും ശക്തമായി രംഗത്തുണ്ട്. അഹമ്മദാബാദ്, മ്യൂണിക്ക്, സോൾ എന്നീ നഗരങ്ങളിലൊന്നിന് ആതിഥേയത്വം ലഭിക്കാനാണ് സാധ്യതയെന്നാണ് കായിക വിദഗ്ധരുടെ വിലയിരുത്തൽ. 2032-ലെ ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലാണ് നടക്കുന്നത്.




