ക്യാമ്പില്‍ മുടിവെട്ടലും ‘ഫാഷന്‍ ഷോ’യും നിരോധിച്ചു, സിദാന്‍ യുഗത്തില്‍ തുടര്‍ജയങ്ങളുമായി ഫ്രാന്‍സ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഫ്രഞ്ച് ദേശീയ ടീം ക്യാമ്പില്‍ ഹെയര്‍കട്ടിങ്ങിനും മാധ്യമങ്ങള്‍ക്ക് മുന്നിലെ 'ഫാഷന്‍ ഷോ'ക്കും വിലക്കേര്‍പ്പെടുത്തി പരിശീലകന്‍ സിനദിന്‍ സിദാന്‍. കളിക്കാരുടെ ശ്രദ്ധ പൂര്‍ണമായും ഫുട്‌ബോളിലേക്ക് കേന്ദ്രീകരിച്ചുള്ള ഈ പരിഷ്‌കാരം നാഷൻസ് ലീഗിൽ തുടർജയങ്ങളോടെ ഫലം കണ്ടുതുടങ്ങി.
പാരിസ്: ഫ്രഞ്ച് ദേശീയ ഫുട്‌ബോള്‍ ക്യാമ്പില്‍ കശന നിയന്ത്രണങ്ങളുമായി പുതിയ പരിശീലകനും ഇതിഹാസ താരവുമായ സിനദിന്‍ സിദാന്‍. കളിക്കാരുടെ വ്യക്തിഗത ഹെയര്‍സ്‌റ്റൈലിസ്‌റ്റുകളെ ക്യാമ്പിലേക്ക് ഒപ്പം കൂട്ടുന്നതിനും ടീം ക്യാമ്പിലേക്കുള്ള വരവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ 'ഫാഷന്‍ ഷോ' ആക്കി മാറ്റുന്നതിനുമാണ് സിദാന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ക്യാമ്പിനകത്ത് ഫുട്‌ബോളിന് മാത്രമായിരിക്കണം പ്രാധാന്യമെന്നാണ് സിദാന്റെ നിലപാട്.
സ്വന്തം ഹെയര്‍സ്‌റ്റൈലിസ്‌റ്റുകളെ ഒപ്പം കൊണ്ടുനടക്കുന്ന ശീലം ഫ്രഞ്ച് ടീമിലെ പല സൂപ്പർതാരങ്ങൾക്കുമുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് സിദാൻ ക്യാമ്പിലെ ഹെയർകട്ടിങ് അവസാനിപ്പിച്ചത്. മുടിവെട്ടണമെന്നുള്ളവർക്ക് പരിശീലനത്തിന് ശേഷം പുറത്തുപോയി ചെയ്യാമെന്നും ക്യാമ്പിനുള്ളിൽ കളി മാത്രമായിരിക്കും ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, വസ്ത്രധാരണത്തിലെ 'ഫാഷൻ പരീക്ഷണങ്ങൾ' മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് റാംപ് വാക്ക് നടത്തി ക്യാമ്പിലേക്ക് കടന്നുവരുന്ന രീതിക്കും സിദാൻ തടയിട്ടു. പാരീസിലെ ഫാഷൻ ട്രെൻഡുകൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വാർത്തയാകുന്നത് ടീമിന്റെ ശ്രദ്ധ തിരിക്കുമെന്ന വിലയിരുത്തലിലാണ് ഈ നടപടി.
പരിശീലകന്റെ കർശന നിലപാടുകൾ ടീമിന്റെ പ്രകടനത്തിലും മാറ്റം വരുത്തിത്തുടങ്ങി. യുവേഫ നാഷൻസ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഫ്രാൻസ് വിജയം കണ്ടു. തുർക്കിയെയും ബെൽജിയത്തെയും ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് കീഴടക്കിയത്. ബെൽജിയത്തിനെതിരെ പകരക്കാരനായി ഇറങ്ങി 88-ാം മിനിറ്റിൽ ഒലിസെ നേടിയ മിന്നും ഗോളും അതിനുശേഷമുള്ള സിദാന്റെ ആഘോഷവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
കളിക്കാരനായും റയൽ മാഡ്രിഡ് പരിശീലകനായും ചരിത്രം കുറിച്ച സിദാൻ, 1998-ൽ ഫ്രാൻസിനെ ലോകചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്. റയലിന് തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സമ്മാനിച്ച ശേഷമാണ് അദ്ദേഹം ഫ്രഞ്ച് ടീമിന്റെ അമരത്തേക്ക് എത്തുന്നത്. സിദാന്റെ ശിക്ഷണത്തിൽ പൂർണ ശ്രദ്ധയോടെ കളത്തിലിറങ്ങാൻ സാധിക്കുന്നത് വലിയ അനുഭവമാണെന്ന് ഫ്രഞ്ച് സൂപ്പർതാരങ്ങളും പ്രതികരിച്ചു.




