ഇന്ത്യൻ താരങ്ങൾ മാപ്പ് പറയണമെന്ന നിബന്ധന തള്ളി, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്ഥാൻ പിന്മാറി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഇന്ത്യൻ താരങ്ങൾ രേഖാമൂലം മാപ്പ് പറയണമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഉപാധി സംഘാടകർ നിരസിച്ചതോടെ എൻ.ഒ.സി നിഷേധിക്കപ്പെടുകയും, തുടർന്ന് പാകിസ്ഥാൻ ടീം ടൂർണമെന്റിൽ നിന്ന് ഔദ്യോഗികമായി പിന്മാറുകയുമായിരുന്നു.
ദുബായ്: വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് മൂന്നാം സീസണിൽ നിന്ന് പാകിസ്ഥാൻ ചാമ്പ്യൻസ് ഔദ്യോഗികമായി പിന്മാറി. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) മുന്നോട്ടുവെച്ച കർശന ഉപാധികൾ സംഘാടക സമിതി തള്ളിയതോടെയാണ് പിന്മാറ്റം.
കഴിഞ്ഞ സീസണിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരവും തുടർന്ന് സെമി ഫൈനലും ഇന്ത്യ ബഹിഷ്കരിച്ചതോടെ വാക്കോവറിലൂടെയാണ് പാകിസ്ഥാൻ ഫൈനലിൽ എത്തിയത്. അന്ന് കളിക്കാർ തമ്മിൽ ഹസ്തദാനം ചെയ്യാനും ഇന്ത്യൻ സംഘം തയ്യാറായിരുന്നില്ല.
കഴിഞ്ഞ വർഷത്തെ സംഭവവികാസങ്ങളിൽ ഇന്ത്യൻ താരങ്ങൾ രേഖാമൂലം മാപ്പ് പറയണമെന്നും ഇത്തവണ ഹസ്തദാനം ചെയ്യാൻ തയ്യാറാകണമെന്നുമായിരുന്നു പി.സി.ബിയുടെ പ്രധാന ആവശ്യം. എന്നാൽ, ഈ നിബന്ധനകൾ അംഗീകരിക്കാൻ സംഘാടകർ വിസമ്മതിക്കുകയായിരുന്നു. വാണിജ്യപരമായ ആവശ്യങ്ങൾ മാത്രമാണ് മാനേജ്‌മെന്റ് അംഗീകരിച്ചത്.
മാപ്പ് പറയണമെന്ന ആവശ്യം നിരസിക്കപ്പെട്ടതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് എൻ.ഒ.സി (അനാപത്തി പത്രം) നിഷേധിക്കുകയും ടീം ടൂർണമെന്റിൽ നിന്ന് പിന്മാറുകയുമായിരുന്നു. ഒക്ടോബർ 10-ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇതോടെ റദ്ദാക്കി.
ഷാഹിദ് അഫ്രീദി നയിക്കേണ്ടിയിരുന്ന പാകിസ്താൻ ടീമിന്റെ ആദ്യ മത്സരങ്ങൾ സാങ്കേതിക കാരണങ്ങളാൽ നേരത്തെ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലും റണ്ണേഴ്‌സ് അപ്പായ പാകിസ്താന് ഇത്തവണ ടൂർണമെന്റിൽ കളിക്കാനാകില്ല. എൻ.ഒ.സി ലഭിക്കാത്തതിനാലാണ് പിന്മാറുന്നതെന്നും ബോർഡിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും പാകിസ്ഥാൻ ചാമ്പ്യൻസ് മാനേജ്‌മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.




