'ചിലർക്ക് ഫാൻ ഓൺ ചെയ്യാൻ പോലും സഹായി വേണം'; ഇന്ത്യൻ ടീമിലെ 'സൂപ്പർസ്റ്റാർ' സംസ്കാരത്തിനെതിരെ തുറന്നടിച്ച് ബദരീനാഥ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർസ്റ്റാർ സംസ്കാരത്തെയും കളിക്കാരുടെ അനാവശ്യ ആഡംബരങ്ങളെയും രൂക്ഷമായി വിമർശിച്ച് മുൻ താരം എസ്. ബദരീനാഥ്. ലളിതമായി ജീവിച്ച സച്ചിൻ ടെൻഡുൽക്കറെ മാതൃകയാക്കണമെന്നും, ഏതാനും പരസ്യങ്ങളിൽ അഭിനയിച്ചതുകൊണ്ട് മാത്രം ആരും സൂപ്പർസ്റ്റാറാവില്ലെന്നും ആർ. ശ്രീധറും കൂട്ടിച്ചേർത്തു.
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നിലവിലെ താരങ്ങളുടെ പെരുമാറ്റത്തെയും 'സൂപ്പർസ്റ്റാർ സംസ്കാരത്തെയും' രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടറുമായ എസ്. ബദരീനാഥ്. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് മുൻനിര താരങ്ങളുടെ അനാവശ്യ ആഡംബരങ്ങളെ ചൂണ്ടിക്കാട്ടി ബദരീനാഥ് രംഗത്തെത്തിയത്.
നിലവിലെ ടീമിലെ ചില കളിക്കാർക്ക് സ്വന്തം ബാഗുകൾ ചുമക്കാനും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും വലിയ സഹായികളുടെ സംഘം തന്നെയുണ്ടെന്ന് ബദരീനാഥ് പറഞ്ഞു. ഫാൻ ഓൺ ചെയ്യാൻ വരെ ആളുകളെ വെച്ചിരിക്കുന്ന അവസ്ഥയാണുള്ളത്. എന്നാൽ താൻ കളിച്ചിരുന്ന കാലത്ത് ക്രിക്കറ്റിലെ ഏറ്റവും വലിയ ഇതിഹാസമായിരുന്ന സച്ചിൻ ടെൻഡുൽക്കർ തീർത്തും ലളിതമായാണ് ജീവിച്ചിരുന്നത്. സച്ചിൻ ഒരിക്കലും ഇത്തരം അനാവശ്യ ഭംഗവാക്കുകൾക്കോ ആഡംബരങ്ങൾക്കോ പിന്നാലെ പോയിട്ടില്ല. ഏത് റൂം കൊടുത്താലും അദ്ദേഹം തൃപ്തനായിരുന്നു. ചിലപ്പോൾ ബെഡിൽ കിടക്കാതെ തറയിൽ കിടന്നുറങ്ങാൻ പോലും അദ്ദേഹം മടിച്ചിരുന്നില്ലെന്നും ബദരീനാഥ് ഓർത്തെടുത്തു.
ചർച്ചയിൽ പങ്കെടുത്ത മുൻ ഇന്ത്യൻ ഫീൽഡിങ് പരിശീലകൻ ആർ. ശ്രീധറും വിഷയത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഏതാനും പരസ്യങ്ങളിൽ അഭിനയിച്ചതുകൊണ്ട് മാത്രം ഒരാൾ സൂപ്പർസ്റ്റാർ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥിരതയാർന്ന പ്രകടനത്തിലൂടെ മത്സരങ്ങൾ ജയിപ്പിക്കുകയും, സ്റ്റേഡിയങ്ങളിലേക്ക് കാണികളെ ആകർഷിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ സൂപ്പർസ്റ്റാറുകൾ. അഞ്ച് മത്സരങ്ങളിൽ കുറഞ്ഞത് മൂന്നെണ്ണത്തിലെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കണം. വിരാട് കോലി, സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോണി, ജസ്പ്രീത് ബുംറ, ആർ. അശ്വിൻ എന്നിവരൊക്കെ ഇത്തരത്തിൽ രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുത്തവരാണ്. ഇത്തരം പ്രഗത്ഭരായ കളിക്കാർ ഒരിക്കലും ടീമിന്റെ സംസ്കാരത്തിന് മങ്ങലേൽപ്പിക്കില്ല, മറിച്ച് അത് ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുകയെന്നും ശ്രീധ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്തായി ഉയർന്നുവരുന്ന താരങ്ങളുടെ ആഡംബര ജീവിതത്തെക്കുറിച്ചുള്ള ഇവരുടെ തുറന്നുപറച്ചിലുകൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.




