വിമര്‍ശകരോടും പ്രായത്തോടുമുള്ള പോരാട്ടം; രോഹിത് ശർമ ജയിക്കുകയാണ്...
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വിൻഡീസ് ബൗളര്‍മാരെ ഗില്‍ ദയയില്ലാതെ ബൗണ്ടറികളിലേക്ക് അയക്കുന്നതിനിടിയല്‍ 35-ാം ശതകം രോഹിത് തികച്ചു. 72 പന്തിലായിരുന്നു നേട്ടം. വൈകാതെ മടങ്ങിയെങ്കിലും മറ്റൊരു സ്റ്റേറ്റ്മെന്റ് ഇന്നിങ്സുകൂടി
ഗുവാഹത്തി ബർസാപര സ്റ്റേഡിയത്തിലെ ഗാലറികൾ അക്ഷരാർത്ഥത്തിൽ ഇളകിമറിയുകയായിരുന്നു. ഒടുവിൽ 26-ാം ഓവറിലെ ആദ്യ പന്തിൽ വിറ്റൽ ലോവ്‍സിന്റെ ഫ്ലൈറ്റഡ് ഡെലിവറി എക്‌സ്ട്രാ കവറിലേക്ക് തട്ടിയിട്ട് സിംഗിളിനായി ഓടുമ്പോൾ രോഹിത് ശർമയുടെ മുഖത്ത് പതിവില്ലാത്തൊരു ദൃഢനിശ്ചയമുണ്ടായിരുന്നു. നോൺ സ്ട്രൈക്കിങ് എൻഡിലെത്തിയ ശേഷമുള്ള ആ പഞ്ചും ബാറ്റുയർത്തിയുള്ള ആഘോഷവും കേവലമൊരു സെഞ്ചുറി നേട്ടത്തിന്റേതായിരുന്നില്ല; അത് തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കുള്ള കൃത്യമായ മറുപടിയായിരുന്നു—'ഞാൻ ഇനിയും ഇവിടെത്തന്നെയുണ്ടാകും!'.
വിമർശകരോടും പ്രായത്തോടുമുള്ള പോരാട്ടത്തിൽ രോഹിത് ശർമ വീണ്ടും ജയിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ വിൻഡീസ് ബൗളർമാരെ ശുഭ്മാൻ ഗിൽ ദയയില്ലാതെ ശിക്ഷിക്കുമ്പോൾ, മറുവശത്ത് വെറും 72 പന്തിൽ രോഹിത് തന്റെ 35-ാം ഏകദിന സെഞ്ചുറി തികയ്ക്കുകയായിരുന്നു.
2027 ഏകദിന ലോകകപ്പ് ടീമിലെ രോഹിതിന്റെ സ്ഥാനത്തെക്കുറിച്ച് സംശയിക്കുന്നവർ തികച്ചും അനാവശ്യ ചോദ്യങ്ങളാണ് ഉന്നയിക്കുന്നതെന്ന സുനിൽ ഗവാസ്കറുടെ വാക്കുകളെ ശരിവെക്കുന്നതായിരുന്നു ഗുവാഹത്തിയിലെ ക്ലാസിക് ഇന്നിങ്സ്. 407 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടരുമ്പോൾ, തുടക്കത്തിൽ തകർന്നടിയുന്ന ഇന്ത്യൻ ബാറ്റിങ് നിരയും അത് താങ്ങിനിർത്താൻ ഡഗൗട്ടിൽ കാത്തിരിക്കുന്ന വിരാട് കോലിയും പണ്ടത്തെ കാഴ്ച മാത്രമായി മാറിയിരിക്കുന്നു.
മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിലെത്തിയ അൽസാരി ജോസഫിനെ ഡീപ് ബാക്ക്വേഡ് പോയിന്റിലൂടെ അതിർത്തി കടത്തിയാണ് രോഹിത് അക്കൗണ്ട് തുറന്നത്. തുടക്കത്തിൽ സ്വഭാവിക ആക്രമണശൈലി മാറ്റി നിർത്തി, കരുതലോടെ ക്രീസിൽ നിലയുറപ്പിച്ച രോഹിതിനെയാണ് കണ്ടത്. 2025 ചാമ്പ്യൻസ് ട്രോഫിക്കു ശേഷം പവർപ്ലേയിൽ ഇത്രയും ക്ഷമയോടെ കളിക്കുന്ന രോഹിതിനെ ആരാധകർ കാണുന്നത് ആദ്യമായാണ്.
എന്നാൽ നിലയുറപ്പിച്ചതോടെ ഹിറ്റ്‌മാൻ പഴയ രൂപത്തിലായി. ജെയ്ഡൻ സീൽസിന്റെ ഫുൾ ലെങ്ത് പന്തിലെ ക്ലാസിക് പിക്കപ്പ് ഷോട്ടും, കീമോ പോളിന്റെ സ്ലോ ബൗൺസറിലെ ട്രേഡ് മാർക്ക് പുൾ ഷോട്ടും സ്റ്റേഡിയത്തെ ആവേശത്തിലാറാടിച്ചു. വെറും 32 പന്തിലാണ് ഇന്ത്യൻ നായകൻ അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും വിക്കറ്റിനിടയിലെ ഓട്ടത്തിലും പ്രകടമാക്കിയ അതിവേഗം, ഫിറ്റ്‌നസിന്റെ കാര്യത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളുടെ വായടപ്പിക്കുന്നതായിരുന്നു.
മത്സരത്തിനിടെ മറ്റൊരു അപൂർവ്വ നാഴികക്കല്ലും രോഹിത് പിന്നിട്ടു. സച്ചിൻ തെൻഡുൽക്കർക്കും വിരാട് കോലിക്കും ശേഷം ഏകദിനത്തിൽ 12,000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി രോഹിത് മാറി. സച്ചിൻ (300 ഇന്നിങ്സ്), പോണ്ടിങ്, സംഗക്കാര എന്നീ ഇതിഹാസങ്ങളേക്കാൾ വേഗത്തിലാണ് (282 ഇന്നിങ്സ്) രോഹിത് ഈ നേട്ടത്തിലെത്തിയത്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികളാണ് രോഹിതിന്റെ സമ്പാദ്യം. തനിക്കെതിരെ ഉയർന്ന ഫിറ്റ്‌നസ് ആശങ്കൾ തെറ്റാണെന്ന് ബൗണ്ടറി ലൈനിലെ മിന്നൽ സേവുകളിലൂടെ താരം തെളിയിച്ചു കഴിഞ്ഞു. ഫിറ്റ്‌നസ് പോരായ്മകളുണ്ടെങ്കിൽ അത് മെച്ചപ്പെടുത്താൻ ആവശ്യപ്പെടുകയാണ് വേണ്ടത്, അല്ലാതെ വിരമിക്കലല്ല പോംവഴിയെന്ന് അടിവരയിടുന്നതായിരുന്നു ഈ ഇന്നിങ്സ്.
സമീപകാലത്ത് വിദേശത്തും നാട്ടിലും ഒരുപോലെ സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യൻ ബാറ്റർ രോഹിതാണ്. ബോളിന്റെ ലൈനും ലെങ്തും കൃത്യമായി റീഡ് ചെയ്യാനുള്ള അസാമാന്യ കഴിവ് ദക്ഷിണാഫ്രിക്കയിലെ സ്ലോ, സ്പൈസി വിക്കറ്റുകളിലും രോഹിതിനെ തുണയ്ക്കും. 2019 ലോകകപ്പിന് മുൻപ് ഇംഗ്ലണ്ടിൽ പരാജയപ്പെടുമെന്ന് പ്രവചിച്ചവരുടെ മുന്നിൽ ടൂർണമെന്റിലെ ടോപ് സ്കോററായി മാറിയ ചരിത്രമുണ്ട് രോഹിതിന്. വിമർശനങ്ങൾക്കും സംശയങ്ങൾക്കും മുന്നിൽ ബാറ്റ് കൊണ്ടു മറുപടി നൽകി രോഹിത് ശർമ എന്ന ഇതിഹാസം തന്റെ പോരാട്ടം തുടരുകയാണ്.




