ഷൂട്ടൗട്ട് മുന്നില്‍ കണ്ട് മലപ്പുറം ആ മാറ്റം വരുത്തി, ഇഞ്ചുറി ടൈമില്‍ രാഹുല്‍ രാജുവിന്റെ തീയുണ്ട, ഫോഴ്‌സ കൊച്ചിക്ക് നാടകീയ ജയം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഇഞ്ചുറി ടൈമില്‍ മലപ്പുറം എഫ് സിക്ക് ഇഞ്ചുറി! സൂപ്പര്‍ ലീഗ് കേരളയില്‍ ഫോഴ്‌സ കൊച്ചിക്ക് ആവേശകരമായ ജയം (1-0). പകരക്കാരന്‍ രാഹുല്‍ രാജു 93-ാം മിനുട്ടില്‍ ബോക്‌സിന് പുറത്തു നിന്ന് തൊടുത്തുവിട്ട ലോംഗ് റേഞ്ചര്‍ മലപ്പുറത്തിന്റെ വല കുലുക്കി.
കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സിക്കെതിരെ ഫോഴ്‌സ കൊച്ചിക്ക് ആവേശകരമായ വിജയം (1-0). മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ രാഹുൽ രാജു നേടിയ തകർപ്പൻ ഗോളിലാണ് കൊച്ചി ജയം പിടിച്ചെടുത്തത്.
മത്സരം സമനിലയിലേക്ക് നീങ്ങവെ, പുതിയ നിയമപ്രകാരമുള്ള ഷൂട്ടൗട്ട് മുന്നിൽ കണ്ട് മലപ്പുറം പരിശീലകൻ കരീം ബെൻചരിഫ വരുത്തിയ തന്ത്രപരമായ മാറ്റം തിരിച്ചടിയാവുകയായിരുന്നു. ഗോൾകീപ്പർ മുഹമ്മദ് അർബാസിന് പകരം ദേവാംഷ് ദബാസിനെ മലപ്പുറം കളത്തിലിറക്കി. എന്നാൽ, 93-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് രാഹുൽ രാജു തൊടുത്തുവിട്ട ലോങ് റേഞ്ചർ തടയുന്നതിൽ ദബാസിന് പിഴച്ചു. ദബാസിന്റെ കൈകളിൽ നിന്ന് വഴുതിയ പന്ത് വലയിലേക്ക് ഉരുണ്ടുകയറുകയായിരുന്നു.
ആദ്യപകുതിയിൽ മൊറോക്കൻ താരം അബ്ദുൽ എൽഫോർസിയുടെയും സജീഷിന്റെയും നീക്കങ്ങളിലൂടെ മലപ്പുറം എഫ്.സി മികച്ച മേധാവിത്വം പുലർത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പ്രതിരോധം ശക്തമാക്കിയ ഫോഴ്‌സ കൊച്ചി, മലപ്പുറത്തിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു. തുടര്‍ന്ന് കോച്ച് വിറ്റാൽ ബോർക്കൽമാൻസ് വരുത്തിയ മാറ്റങ്ങളാണ് മത്സരത്തിൽ നിർണായകമായത്. പകരക്കാരനായി ഇറങ്ങിയ രാഹുൽ രാജു കൊച്ചിയുടെ വിജയശിൽപിയാവുകയായിരുന്നു.




