സഹീർ ഖാനെ മുഖ്യ പരിശീലകനാക്കിയതിന് പിന്നാലെ പുതിയ ബൗളിംഗ് കോച്ചിനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കഴിഞ്ഞ ഡിസംബറിലാണ് 38-കാരനായ മോഹിത് ശർമ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. നിലവിലെ ബൗളിംഗ് കൺസൾട്ടന്‍റ് എറിക് സിമ്മൺസിന് പകരമാണോ മോഹിത് എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ചെന്നൈ: വരാനിരിക്കുന്ന ഐ.പി.എൽ സീസണിന് മുന്നോടിയായി പരിശീലക നിരയിൽ അഴിച്ചുപണി തുടരുന്ന ചെന്നൈ സൂപ്പർ കിങ്സ് പുതിയ ബൗളിങ് കോച്ചിനെ പ്രഖ്യാപിച്ചു. സ്റ്റീഫൻ ഫ്ലെമിങ്ങിന് പകരം സഹീർ ഖാനെ മുഖ്യ പരിശീലകനായി നിയമിച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ പേസർ മോഹിത് ശർമയെ പുതിയ ബൗളിങ് കോച്ചായി നിയമിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. മുഖ്യ പരിശീലകൻ സഹീർ ഖാന്റെ പ്രത്യേക നിർദേശപ്രകാരമാണ് മോഹിതിനെ പരിശീലക സംഘത്തിലേക്ക് തിരഞ്ഞെടുത്തത്.
കഴിഞ്ഞ ഡിസംബറിലാണ് 38കാരനായ മോഹിത് ശർമ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. നിലവിലെ ബൗളിങ് കൺസൾട്ടന്റ് എറിക് സിമ്മൺസിന് പകരമാണോ മോഹിത് എത്തുന്നത് എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. അതേസമയം, ബാറ്റിങ് കോച്ച് മൈക്കൽ ഹസി ഓസ്ട്രേലിയൻ ദേശീയ ടീമിലേക്ക് മടങ്ങുന്നതിനാൽ ബാറ്റിങ് പരിശീലകന്റെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.
ഇന്ത്യക്കായി 34 മത്സരങ്ങൾ കളിച്ചിട്ടുള്ള മോഹിത്, അതിൽ 20 എണ്ണത്തിലും എം.എസ്. ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് പന്തെറിഞ്ഞത്. 2015ലെ ഏകദിന ലോകകപ്പ് ടീമിലും അംഗമായിരുന്നു. 2013ൽ സി.എസ്.കെയിലൂടെ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ച താരം മൂന്ന് സീസണുകളിൽ നിന്നായി 57 വിക്കറ്റുകൾ നേടി. പിന്നീട് പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കായും കളത്തിലിറങ്ങി. 2023 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി 27 വിക്കറ്റുകൾ വീഴ്ത്തി മികച്ച തിരിച്ചുവരവാണ് താരം നടത്തിയത്.
സഹീർ ഖാന്റെയും മോഹിത് ശർമയുടെയും വരവോടെ ടീമിനെ വീണ്ടും പഴയതുപോലെ ഒരു 'ബൗളിങ് ഫസ്റ്റ്' ശക്തിയാക്കി മാറ്റാനാണ് സി.എസ്.കെ മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. മോഹിതിന്റെ വലിയ അനുഭവസമ്പത്ത് ടീമിലെ യുവ പേസർമാർക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




