ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പുതിയ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി; യുവരാജും കോച്ചിംഗ് സ്റ്റാഫില്‍ ഉണ്ടായേക്കും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ 2027 സീസണിലേക്കുള്ള ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകനായി നിയമിച്ചു; ഹേമംഗ് ബദാനിക്ക് പകരമെത്തുന്ന ഗാംഗുലിക്കൊപ്പം യുവരാജ് സിംഗും സപ്പോർട്ട് സ്റ്റാഫിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2027 സീസണിലേക്ക് ഡൽഹി ക്യാപിറ്റൽസിന്റെ പുതിയ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ നിയമിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിൽ ടീമിനെ പരിശീലിപ്പിച്ച ഹേമംഗ് ബദാനിക്ക് പകരമാണ് ഗാംഗുലി എത്തുന്നത്. മുൻ ഇന്ത്യൻ താരം യുവരാജ് സിംഗും ഡൽഹിയുടെ പരിശീലക സംഘത്തിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
2019 മുതൽ ഡൽഹി ക്യാപിറ്റൽസ് മാനേജ്‌മെന്റിന്റെ ഭാഗമായ ഗാംഗുലി, ഫ്രാഞ്ചൈസിയുടെ പുരുഷ-വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് പദവി ഉൾപ്പെടെ വഹിച്ചിട്ടുണ്ട്. ആദ്യമായാണ് അദ്ദേഹം ഒരു ഐപിഎൽ ടീമിന്റെ ഹെഡ് കോച്ച് റോൾ ഏറ്റെടുക്കുന്നത്. നേരത്തെ സൗത്ത് ആഫ്രിക്കൻ ലീഗായ SA20-ൽ പ്രിട്ടോറിയ ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചായി പ്രവർത്തിച്ച ഗാംഗുലി, ടീമിനെ ഫൈനലിൽ എത്തിച്ചിരുന്നു.
മുഖ്യ പരിശീലക മാറ്റത്തിന് പുറമെ പരിശീലക സംഘത്തിൽ വൻ അഴിച്ചുപണിയാണ് ഫ്രാഞ്ചൈസി നടത്തിയത്. ബൗളിംഗ് കോച്ച് മുനാഫ് പട്ടേൽ, ടീം ഡയറക്ടർ വേണുഗോപാൽ റാവു, അസിസ്റ്റന്റ് കോച്ച് ഇയാൻ ബെൽ എന്നിവരെ ഡൽഹി ഒഴിവാക്കി. പുതിയ കോച്ചിംഗ് സ്റ്റാഫിനെ ഗാംഗുലി ഉടൻ പ്രഖ്യാപിക്കും.
ക്യാപ്റ്റൻ അക്സർ പട്ടേൽ, സീനിയർ താരം കെ.എൽ. രാഹുൽ, റിഷഭ് പന്ത് എന്നിവരടങ്ങുന്ന ശക്തമായ നിരയുമായാകും പുതിയ സീസണിൽ ഗാംഗുലി ഇറങ്ങുക. ലഖ്നൗ സൂപ്പർ ജയന്റ്സിൽ നിന്ന് റിഷഭ് പന്തിനെ ഡൽഹി തിരികെ എത്തിച്ചിരുന്നു. ഈ വർഷാവസാനം നടക്കുന്ന ലേലത്തിന് മുന്നോടിയായുള്ള ടീം രൂപീകരണത്തിന് ഗാംഗുലിയാകും നേതൃത്വം നൽകുക. ഉടമകളായ പാർത്ഥ് ജിൻഡാലും കിരൺ കുമാർ ഗാന്ധിയും നിയമനത്തെ സ്വാഗതം ചെയ്തു. IPL 2026-ൽ ആറാം സ്ഥാനത്താണ് ഡൽഹി ഫിനിഷ് ചെയ്തത്.




