പ്രേമാനന്ദ് മഹാരാജിന്‍റെ ആശ്രമ സന്ദർശനത്തിന് 5 കോടി രൂപ വാങ്ങിയെന്ന ആരോപണം തള്ളി വിരാട് കോലി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദർശിക്കാൻ 5 കോടി രൂപ വാങ്ങിയെന്ന ദിനേശ് ശർമ്മയുടെ ആരോപണം തള്ളി വിരാട് കോലിയുടെ വക്താവ് രംഗത്തെത്തി. വ്യക്തിപരമായ വിശ്വാസവും ആദരവും കൊണ്ടാണ് കോലിയും അനുഷ്കയും ആശ്രമത്തിലെത്തുന്നതെന്നും വാർത്തകൾ പൂർണമായും വ്യാജമാണെന്നും വക്താവ് വ്യക്തമാക്കി.
ന്യൂഡൽഹി: വൃന്ദാവനത്തിലെ ആത്മീയാചാര്യൻ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദർശിക്കാൻ അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി. ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് കോലിയുടെ വക്താവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ് ന്യാസ് പ്രസിഡന്റ് ഫലാഹാരി മഹാരാജ് ദിനേശ് ശർമ്മയാണ് കോലിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പ്രേമാനന്ദ് മഹാരാജിന്റെ ജനപ്രീതി ഉയർത്തുന്നതിനായി കോലിയെ ആശ്രമത്തിലെത്തിക്കാൻ അഞ്ച് കോടി രൂപ നൽകിയെന്നായിരുന്നു ഇയാളുടെ വാദം.
എന്നാൽ ഈ അവകാശവാദങ്ങളെല്ലാം പൂർണമായും തെറ്റാണെന്ന് കോലിയുടെ വക്താവ് അറിയിച്ചു. "വ്യക്തിപരമായ വിശ്വാസവും പ്രേമാനന്ദ് മഹാരാജിനോടുള്ള ആഴത്തിലുള്ള ആദരവും മുൻനിർത്തി മാത്രമാണ് വിരാട് കോലി ആശ്രമത്തിലെത്തുന്നത്. വ്യാജ വാർത്തകൾ നൽകുന്നതിന് മുൻപ് മാധ്യമങ്ങൾ വസ്തുതകൾ പരിശോധിച്ച് ഉറപ്പുവരുത്തണം" - വക്താവ് വ്യക്തമാക്കി.
2023 ജനുവരി നാലിനാണ് വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും വൃന്ദാവനത്തിലെ രാധാ കേളി കുഞ്ച് ആശ്രമത്തിലെത്തി പ്രേമാനന്ദ് മഹാരാജിനെ സന്ദർശിക്കുന്നത്. തുടർന്നിങ്ങോട്ട് രാജ്യാന്തര ട്വന്റി20യിൽ നിന്ന് വിരമിച്ച ശേഷവുമടക്കം ഇരുവരും പതിവായി ആശ്രമം സന്ദർശിക്കാറുണ്ട്.
അതിനിടെ, ആശ്രമത്തിലെ അന്തേവാസിയായിരുന്ന രസിക് ദുലാരി എന്ന ശിഷ്യൻ സെപ്റ്റംബർ 25-ന് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണു മരിച്ച സംഭവത്തെച്ചൊല്ലി വിവാദങ്ങൾ പുകയുന്നതിനിടെയാണ് പുതിയ ആരോപണം ഉയർന്നു വന്നത്. സംഭവത്തിൽ മഥുര പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മരണത്തിന് പിന്നിൽ വിഷാദരോഗമോ മാനസിക സമ്മർദ്ദമോ ഉണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഡിജിറ്റൽ തെളിവുകളും ഫോൺ രേഖകളും ശേഖരിച്ച പൊലീസ് ഇതുവരെ 85-ഓളം പേരുടെ മൊഴിയെടുത്തിട്ടുണ്ട്.




