കുവൈത്തിൽ തകർന്നുവീഴാറായ 263 കെട്ടിടങ്ങൾ പൊളിക്കാൻ ഉടമകൾക്ക് രണ്ടാഴ്ച സമയം അനുവദിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ തകർച്ചാഭീഷണിയിലുള്ള 263 കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉടമകൾക്ക് മുനിസിപ്പാലിറ്റി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. സമയപരിധിക്കകം നടപടിയെടുത്തില്ലെങ്കിൽ മുനിസിപ്പാലിറ്റി നേരിട്ട് കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ അപകടാവസ്ഥയിലും ജീർണാവസ്ഥയിലുമുള്ള 263 കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉടമകൾക്ക് രണ്ടാഴ്ചത്തെ സമയപരിധി അനുവദിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. ഔദ്യോഗിക ഗസറ്റിൽ നോട്ടീസ് പ്രസിദ്ധീകരിക്കുന്ന തീയതി മുതലാണ് സമയപരിധി നിലവിൽ വരിക. നിർദിഷ്ട സമയത്തിനകം ഉടമകൾ നടപടി സ്വീകരിച്ചില്ലെങ്കിൽ മുനിസിപ്പാലിറ്റി നേരിട്ട് കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രദേശത്ത് പൊതുമരാമത്ത് മന്ത്രാലയം നടത്തിയ സമഗ്ര സുരക്ഷാ പരിശോധനയുടെ ഭാഗമായി 286 കെട്ടിടങ്ങളും അനുബന്ധ സ്ഥലങ്ങളുമാണ് പരിശോധിച്ചത്. ഇതിൽ 263 എണ്ണം ഏതുനിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിലാണെന്ന് കണ്ടെത്തി. പരിശോധനയിൽ നാല് പുതിയ കെട്ടിടങ്ങൾ, നവീകരണം നടക്കുന്ന ഒന്ന്, 16 ഒഴിഞ്ഞ സ്ഥലങ്ങൾ, നിർമ്മാണത്തിലിരിക്കുന്ന രണ്ട് കെട്ടിടങ്ങൾ എന്നിവയും ഉൾപ്പെടുന്നു.
ജീർണിച്ച കെട്ടിടങ്ങൾ താമസക്കാർക്കും വഴിയാത്രക്കാർക്കും സമീപവാസികൾക്കും ഗുരുതര സുരക്ഷാഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് അധികൃതർ കർശന നടപടികളിലേക്ക് കടന്നത്.




