സൗദി-ഹൂത്തി സംഘർഷം കനക്കുന്നു, വിമാനത്താവളങ്ങളും ഓയിൽ റിഫൈനറികളും ലക്ഷ്യമിട്ടു, ഹോർമുസിൽ കപ്പലിന് നേരെയും ആക്രമണം, 11 ഇന്ത്യക്കാർക്ക് പരിക്ക്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സൗദിയിൽ വിമാനത്താവളങ്ങൾക്കും ഓയിൽ റിഫൈനറികൾക്കും നേരെ ഹൂത്തികൾ കനത്ത ആക്രമണം നടത്തി; മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുന്നു.
റിയാദ്: സൗദി-ഹൂത്തി സംഘർഷം കൂടുതൽ കടുക്കുന്നു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളെയും ഓയിൽ റിഫൈനറികളെയും ലക്ഷ്യമിട്ട് ഹൂത്തി വിമതർ കനത്ത ആക്രമണം നടത്തി. ജസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്കേറ്റതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മനാമയുടെ പതാക വഹിച്ച കപ്പലിലെ 19 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരായിരുന്നു. ആകെ 12 പേർക്കാണ് പരിക്കേറ്റത്. സംഭവത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
സൗദി സഖ്യസേനയ്ക്ക് പിന്തുണയുമായി പാകിസ്താനും തുർക്കിയും രംഗത്തിറങ്ങിയതോടെ യെമനിലെ പോരാട്ടം പുതിയ തലത്തിലേക്ക് കടന്നു. മുൻപ് ഒപ്പുവെച്ച മക്കാ കരാറിന്റെ ഭാഗമായുള്ള ആദ്യ സൈനിക നടപടിയാണിത്. ഇന്നലെ ചേർന്ന അടിയന്തര യോഗത്തിലാണ് സൗദിയോടൊപ്പം സൈനികമായി പങ്കുചേരാൻ പാകിസ്താനും തുർക്കിയും തീരുമാനമെടുത്തത്.
പ്രത്യാക്രമണത്തിൽ 200ഓളം പേർ കൊല്ലപ്പെട്ടതായും റിയാദിലെ കിങ് ഖാലിദ് എയർപോർട്ട്, അരാംകോ റിഫൈനറി, അബഹ വിമാനത്താവളം എന്നിവ ആക്രമിച്ചതായും ഹൂത്തികൾ അവകാശപ്പെട്ടെങ്കിലും ജസാൻ, നജ്റാൻ എയർപോർട്ടുകൾക്ക് നേരെ നടന്ന ആക്രമണം മാത്രമാണ് സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
യെമനിൽ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അൽ മോഖ തുറമുഖ നഗരം തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് സംയുക്ത സേന. ബാബ് അൽ മന്ദബ് മേഖലയിൽ പ്രബലമായ ഇടങ്ങൾ പിടിച്ചെടുത്ത സേന കൂടുതൽ പ്രദേശങ്ങളിലേക്ക് മുന്നേറുകയാണ്. ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽ പാത ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ ആക്രമണ നീക്കങ്ങൾ വിജയികരമായി തടഞ്ഞതായി സൗദി സൈന്യം അറിയിച്ചു.




