ഭീകരാക്രമണ ശ്രമമാണോയെന്ന് പരിശോധിക്കും; ഫ്ലൈ ദുബായ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ കോക്ക്പിറ്റ് ആക്രമണത്തിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. കുത്തേറ്റെങ്കിലും കോക്ക്പിറ്റ് വാതിൽ തുറന്ന് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അക്രമിയായ സഹപൈലറ്റ് ഇപ്പോൾ സൗദി അറേബ്യയുടെ കസ്റ്റഡിയിലാണ്.
ദുബായ്/റിയാദ്: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ കോക്ക്പിറ്റ് ആക്രമണത്തിൽ യുഎഇ സർക്കാരും അറ്റോർണി ജനറലും ചേർന്ന് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം ഭീകരാക്രമണ ശ്രമമാണോ അതോ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംഘം പരിശോധിക്കും. കേസ് അന്വേഷണത്തിനായി പ്രത്യേക പ്രോസിക്യൂട്ടർ സംഘത്തെ ചുമതലപ്പെടുത്തിയതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' അറിയിച്ചു.
യുഎഇ അറ്റോർണി ജനറൽ ഹമദ് സൈഫ് അൽ ഷംസിയുടെ നിർദേശപ്രകാരം ജനറൽ സിവിലിയൻ ഏവിയേഷൻ അതോറിറ്റിയുമായി (GCAA) സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. യുഎഇ രജിസ്ട്രേഷനിലുള്ള വിമാനമായതിനാൽ അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരം വിചാരണാധികാരം യുഎഇയ്ക്കാണ്. സംഭവത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളും അഭ്യൂഹങ്ങളും പരത്തരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അറ്റോർണി ജനറൽ അഭ്യർത്ഥിച്ചു.
മനോധൈര്യം കാട്ടി ഇന്ത്യൻ പൈലറ്റ്; പ്രശംസിച്ച് നരേന്ദ്ര മോദി
അക്രമിയുടെ കുത്തേറ്റു ഗുരുതരമായി പരിക്കേറ്റിട്ടും 174 യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. "അതീവ ഗുരുതരമായ ഭീഷണിയെ നേരിടുമ്പോഴും പരിക്കുകളെ അവഗണിച്ച് സ്മിത് മച്ചാർ കാണിച്ച ധീരതയും പതറാത്ത മനോധൈര്യവും മാതൃകാപരമാണ്. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ജീവനുകൾ രക്ഷിക്കുകയും വലിയൊരു ദുരന്തം ഒഴിവാക്കുകയും ചെയ്തു," പ്രധാനമന്ത്രി 'എക്സി'ൽ കുറിച്ചു.
രക്തത്തിൽ കുളിച്ചു കിടക്കുമ്പോഴും കോക്ക്പിറ്റിന്റെ ലോക്ക് തുറന്നു കൊടുക്കാൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന് സാധിച്ചതാണ് പുറത്തുണ്ടായിരുന്ന യാത്രക്കാർക്കും ജീവനക്കാർക്കും അകത്തുകയറി അക്രമിയായ സഹപൈലറ്റിനെ കീഴടക്കാൻ സഹായിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കി.
അക്രമി സൗദി കസ്റ്റഡിയിൽ; കൈമാറിയേക്കും
നിലവിൽ സൗദി അറേബ്യയിലെ തബൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. തബൂക്കിൽ നിർത്തിയിട്ടിരിക്കുന്ന വിമാനം പരിശോധിക്കാൻ ഫ്ലൈ ദുബായുടെ പ്രത്യേക സാങ്കേതിക സംഘം സൗദിയിലെത്തിയിട്ടുണ്ട്.
സംഭവത്തിൽ മറ്റ് ആളുകളുടെ പങ്കാളിത്തം വ്യക്തമാകാൻ സമയമായിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. നിലവിൽ സൗദി അറേബ്യയിൽ അന്വേഷണം നേരിടുന്ന അക്രമിയായ സഹപൈലറ്റിനെ വൈകാതെ യുഎഇക്ക് കൈമാറിയേക്കും. കേസിന്റെ അന്വേഷണത്തിൽ ഇസ്രയേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു കൂട്ടിച്ചേർത്തു.




