2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ആണവ ഇന്ധനവുമായെത്തിയ റഷ്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 02:26 PM
പങ്കുവെക്കുക:
ആണവ ഇന്ധനവുമായെത്തിയ റഷ്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ
ആണവ ഇന്ധനവുമായെത്തിയ റഷ്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻകേരളപ്രഭാതം

അസർബൈജാൻ, കസാഖിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയി ധാക്കയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനത്തിനാണ് അവസാന നിമിഷം പാകിസ്ഥാൻ അനുമതി നിഷേധിച്ചത്

ധാക്ക: ബംഗ്ലാദേശിലെ രൂപ്പ്പൂർ ആണവനിലയത്തിലേക്ക് ഇന്ധനവുമായെത്തിയ റഷ്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്താൻ. സെപ്റ്റംബർ 24-ന് അസർബൈജാൻ, കസാഖിസ്താൻ, പാകിസ്താൻ, ഇന്ത്യ വഴി ധാക്കയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനത്തിനാണ് അവസാന നിമിഷം പാകിസ്താൻ അനുമതി നിഷേധിച്ചത്. ഇതോടെ വിമാനത്തിന്റെ യാത്രാമാർഗം മാറ്റിക്രമീകരിക്കാൻ അധികൃതർ നിർബന്ധിതരായി.

പാകിസ്താനുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ ബംഗ്ലാദേശ് ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി. അനുമതി നിഷേധിച്ചതിൽ വ്യക്തമായ കാരണം നൽകാൻ പാകിസ്താൻ തയാറായിട്ടില്ല. സാങ്കേതികവും നടപടിക്രമപരവുമായ കാരണങ്ങളാലാണ് അനുമതി വൈകിയതെന്നാണ് ധാക്കയിലെ പാകിസ്താൻ ഹൈക്കമ്മീഷന്റെ വിശദീകരണം.

റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ആണവോർജ ഏജൻസിയായ 'റോസറ്റോം' ആണ് രൂപ്പ്പൂർ പദ്ധതിയുടെ നിർമാണവും ഇന്ധന വിതരണവും നിർവഹിക്കുന്നത്. തടസ്സങ്ങൾ ഉണ്ടായെങ്കിലും ഒക്ടോബറോടെ ഇന്ധന വിതരണം പുനരാരംഭിക്കുമെന്നും ഡിസംബറോടെ ഏഴ് പ്രത്യേക ചരക്ക് വിമാനങ്ങളിലായി ബാക്കി ഇന്ധനവും എത്തിക്കുമെന്നും റോസറ്റോം അറിയിച്ചു.

പദ്മ നദിക്കരയിൽ നിർമിക്കുന്ന രൂപ്പ്പൂർ ആണവനിലയം ബംഗ്ലാദേശിന്റെ ഭാവി ഊർജ ആവശ്യങ്ങൾക്ക് ഏറെ നിർണായകമാണ്. നിലവിൽ ഗ്രാമീണ മേഖലകളിൽ ദിവസവും 10 മുതൽ 16 മണിക്കൂർ വരെ ലോഡ്ഷെഡിങ് അനുഭവപ്പെടുകയും വ്യവസായശാലകളുടെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യുന്ന കടുത്ത ഊർജ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ പദ്ധതി വൈകുന്നത് ബംഗ്ലാദേശിന് തിരിച്ചടിയാകും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)