ചൈനീസ് ഉല്‍പന്നങ്ങളില്‍ കുടുങ്ങിയോ ഇന്ത്യ? ഇന്ത്യ നിയന്ത്രിച്ചപ്പോഴും ഒഴുകി ചൈനീസ് ഉല്‍പ്പന്നങ്ങള്‍
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

അതിർത്തി സംഘർഷങ്ങൾക്കും ഉപരോധങ്ങൾക്കും ശേഷവും ചൈനയിൽ നിന്നുള്ള ഇറക്കുമതി കുത്തനെ ഉയർന്നതോടെ ഇന്ത്യയുടെ വ്യാപാരക്കമ്മി 112 ബില്യൺ ഡോളറായി വർധിച്ചു. വിദേശ ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം തടയാൻ ആഭ്യന്തര നിർമാണ മേഖല ശക്തിപ്പെടുത്തുക മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ള ദീർഘകാല പരിഹാരം.
ഗൽവാൻ അതിർത്തി സംഘർഷത്തിനു പിന്നാലെ ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചും ആന്റി ഡംപിങ് തീരുവ ചുമത്തിയും സാമ്പത്തിക ഉപരോധത്തിന് ഇന്ത്യ ശ്രമിച്ചെങ്കിലും, രാജ്യത്തേക്കുള്ള ചൈനീസ് ഉൽപ്പന്നങ്ങളുടെ ഒഴുക്ക് തടയാനായില്ല. നയതന്ത്ര ബന്ധങ്ങൾ വഷളായപ്പോഴും ഇന്ത്യയുടെ ചൈനീസ് സാമ്പത്തിക ആശ്രയത്വം റെക്കോർഡ് വേഗതയിലാണ് വർധിച്ചത്.
2020-ൽ 44 ബില്യൺ ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരക്കമ്മി നിലവിൽ 112 ബില്യൺ ഡോളറെന്ന ഞെട്ടിക്കുന്ന സംഖ്യയിലെത്തി. ഇറക്കുമതി ഇതേ വേഗതയിൽ തുടർന്നാൽ വ്യാപാരക്കമ്മി വൈകാതെ 134 ബില്യൺ ഡോളറിലേക്ക് ഉയർന്നേക്കുമെന്നാണ് ആശങ്ക. കോവിഡിനു മുമ്പുള്ള കാലത്തേക്കാൾ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞപ്പോൾ ചൈനയിൽ നിന്നുള്ള ഇറക്കുമതി ഇരട്ടിയാകുകയായിരുന്നു.
അസംസ്കൃത വസ്തുക്കൾക്ക് ഇപ്പോഴും ചൈന തട്ടകം
ആഗോളതലത്തിൽ ഐഫോണുകളുടെ കാൽഭാഗത്തോളം ഇപ്പോൾ ഇന്ത്യയിലാണ് നിർമിക്കുന്നതെങ്കിലും ഇതിനാവശ്യമായ ഭൂരിഭാഗം സ്പെയർ പാർട്സുകളും എത്തുന്നത് ചൈനയിൽ നിന്നാണ്. സാങ്കേതികമായി ഇന്ത്യയിൽ നടക്കുന്നത് വിദേശ ഭാഗങ്ങൾ കൂട്ടിച്ചേർക്കൽ (അസംബ്ലിങ്) മാത്രമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ഇന്ത്യ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിൽ 36 ശതമാനവും ഇലക്ട്രിക്കൽ ഉപകരണങ്ങളും ഇലക്ട്രോണിക്സുകളുമാണ്. മെഷിനറികളും മെക്കാനിക്കൽ ഉപകരണങ്ങളും 21.7 ശതമാനം വരും. ഓർഗാനിക് കെമിക്കലുകൾ, പ്ലാസ്റ്റിക്, ബാറ്ററി ഘടകങ്ങൾ, സോളാർ സെല്ലുകൾ എന്നിവയ്ക്കായും ഇന്ത്യ ചൈനയെയാണ് ആശ്രയിക്കുന്നത്. ചൈനയിൽ നിന്നുള്ള സപ്ലൈ തടസ്സപ്പെട്ടാൽ ഇന്ത്യയിലെ ഉൽപ്പാദന മേഖല തന്നെ സ്തംഭിക്കുന്ന അവസ്ഥയാണുള്ളത്.
പാശ്ചാത്യ ഉപരോധവും ചൈനയുടെ വിപണി പിടുത്തവും
സ്വന്തം നാട്ടിലെ സാമ്പത്തിക മന്ദഗതി കാരണം സ്റ്റീൽ, സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ അധിക ഉൽപ്പാദനം ചൈനയിൽ കെട്ടിക്കിടക്കുകയാണ്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കടുത്ത ഉപരോധവും നികുതിയും ഏർപ്പെടുത്തിയതോടെ, ചൈന വില കുറച്ച് ഈ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് തള്ളുകയാണ്. ചൈനയുടെ ആഗോള വ്യാപാര മിച്ചം തുടർച്ചയായ രണ്ടാം വർഷവും ഒരു ട്രില്യൺ ഡോളർ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറുവശത്ത്, ഉയർന്ന നികുതിയും കടുത്ത നിയന്ത്രണങ്ങളും കാരണം ഇന്ത്യൻ കമ്പനികൾക്ക് ചൈനീസ് വിപണിയിൽ പ്രവേശിക്കുക അസാധ്യമായി തുടരുന്നു. ചൈനീസ് വിപണി തുറന്നുനൽകാൻ ഭരണകൂടം തയ്യാറായില്ലെങ്കിൽ രാഷ്ട്രീയ ബന്ധങ്ങൾ മെച്ചപ്പെട്ടാലും സാമ്പത്തിക ആശ്രയത്വം തുടരുമെന്ന് വാഷിങ്ടൺ ഏഷ്യ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകൻ കെവിൻ സോങ്‌ഷെ ലീ വ്യക്തമാക്കുന്നു.
പരിഹാരം നിർമാണ മേഖല ശക്തിപ്പെടുത്തൽ
കഴിഞ്ഞ മാസം നടന്ന ബ്രെക്സ് ഉച്ചകോടിയുടെ ഇടവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തുകയും വ്യാപാര അസമത്വം പരിഹരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രാദേശിക നിർമാണ മേഖല ശക്തിപ്പെടുത്തുക മാത്രമാണ് ഇതിനുള്ള ദീർഘകാല പരിഹാരമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കുറഞ്ഞ ചെലവിൽ വൈദ്യുതി, ലളിതമായ വായ്പാ വ്യവസ്ഥകൾ, മികച്ച ഗതാഗത സൗകര്യങ്ങൾ, സുസ്ഥിരമായ നയരൂപീകരണം എന്നിവ ഉറപ്പാക്കിയാൽ മാത്രമേ ഇന്ത്യക്ക് ഉൽപ്പാദന മേഖലയിൽ ചൈനയോട് പിടിച്ചുനിൽക്കാനാകൂ.




