മാസം 1 ലക്ഷം രൂപയിൽ താഴെയാണോ വരുമാനം? ബെംഗളൂരുവിലേക്ക് വരരുത് എന്ന് യുവതി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പ്രതിമാസം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർ ബെംഗളൂരുവിലേക്ക് വരരുതെന്ന യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വിവാദത്തിന് വഴിതെളിച്ചു. നഗരത്തിലെ കുതിച്ചുയരുന്ന വാടകനിരക്കും അപ്പാർട്ട്മെന്റുകളുടെ അമിതവിലയും ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരു മിഡിൽ ക്ലാസുകാർക്ക് അനുയോജ്യമല്ലെന്ന് യുവതി വാദിക്കുന്നത്.
ബെംഗളൂരു: പ്രതിമാസം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർ ബെംഗളൂരുവിലേക്ക് വരരുതെന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വിവാദത്തിന് വഴിതുറന്നു. നഗരത്തിൽ കുതിച്ചുയരുന്ന വാടകനിരക്കുകളും വീടുകളുടെ അമിതവിലയും ചൂണ്ടിക്കാട്ടിയാണ് അത്രേയ്യ എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയത്. ഐ.ടി ഹബ്ബായ ബെംഗളൂരു സാധാരണക്കാർക്കും മിഡിൽ ക്ലാസുകാർക്കും അനുയോജ്യമല്ലെന്നാണ് ഇവരുടെ വാദം.
മിഡിൽ ക്ലാസ് കുടുംബങ്ങൾക്ക് സ്വന്തമായി വീടെന്ന സ്വപ്നം ബെംഗളൂരുവത്തിൽ സാക്ഷാത്കരിക്കാൻ കഴിയില്ലെന്ന് യുവതി പറയുന്നു. നഗരത്തിൽ ഒരു വീട് വാങ്ങണമെങ്കിൽ കുറഞ്ഞത് രണ്ട് കോടി രൂപയെങ്കിലും വേണം. നല്ല പ്രദേശങ്ങളിലെയും സൊസൈറ്റികളിലെയും ഫ്ലാറ്റുകൾക്ക് മൂന്ന് മുതൽ നാല് കോടി രൂപ വരെയാണ് വില. ഫ്ലാറ്റുകൾ വാങ്ങാതെ വാടകയ്ക്ക് താമസിക്കുന്നവർക്കും വലിയ തുകയാണ് ചെലവാകുന്നത്. ഗേറ്റഡ് കമ്മ്യൂണിറ്റികളിലെ 2BHK അപ്പാർട്ട്മെന്റുകൾക്ക് 40,000 മുതൽ 45,000 രൂപ വരെയും പുറത്തുള്ള സാധാരണ വീടുകൾക്ക് പോലും പ്രതിമാസം 30,000 രൂപയോളവും വാടക നൽകേണ്ടിവരുന്നുണ്ട്.
പ്രതിമാസം മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെ സമ്പാദിക്കുന്നവർക്ക് മാത്രമേ ഇന്ന് ബെംഗളൂരുവിൽ സുഖമായി ജീവിക്കാൻ സാധിക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോ അവസാനിപ്പിച്ചത്.
വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. നഗരത്തിലെ വാടക വർധനവ് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് ഒരു വിഭാഗം സമ്മതിക്കുമ്പോൾ, പ്രതിമാസം ലക്ഷം രൂപയുണ്ടെങ്കിൽ മാത്രമേ ജീവിക്കാൻ കഴിയൂ എന്ന വാദത്തോട് വലിയൊരു വിഭാഗം ജനങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചു. മിതമായ രീതിയിൽ ജീവിക്കുന്ന സാധാരണക്കാർക്ക് ഇപ്പോഴും ബെംഗളൂരു അനുയോജ്യമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.




