2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്.ഐ.എ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 09:25 AM
പങ്കുവെക്കുക:
പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്.ഐ.എ
പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്.ഐ.എകേരളപ്രഭാതം

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനച്ചെലവും പ്രവർത്തനച്ചെലവും കുത്തനെ ഉയർന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഇന്ത്യൻ വിമാനക്കമ്പനികൾ കേന്ദ്ര സർക്കാരിന്റെ അടിയന്തര സഹായം തേടി.

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ സംഘർഷവും വ്യോമപാതാ നിയന്ത്രണങ്ങളും കാരണമുണ്ടായ പ്രവർത്തനച്ചെലവ് വർധനവ് രാജ്യത്തെ വിമാനക്കമ്പനികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ച് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്.ഐ.എ) കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡുവിന് കത്തയച്ചു. സർക്കാർ തലത്തിൽ നിന്ന് സമയബന്ധിതമായ സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ ലാഭകരമല്ലാത്ത പല സർവീസുകളും നിർത്തിവെക്കേണ്ടി വരുമെന്നാണ് കമ്പനികളുടെ മുന്നറിയിപ്പ്.

വ്യോമപാതകൾ തിരിച്ചുവിട്ടതിനെത്തുടർന്നുള്ള അധിക ദൂരം, വിമാന ഇന്ധന (എ.ടി.എഫ്) വിലയിലുണ്ടായ അമിത വർധനവ്, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് കമ്പനികൾ പ്രധാന വെല്ലുവിളികളായി ചൂണ്ടിക്കാണിക്കുന്നത്. വ്യോമപാതകൾ ദീർഘിച്ചതോടെ ഇന്ധന ഉപഭോഗവും ജീവനക്കാരുടെ ആനുകൂല്യച്ചെലവുകളും കുത്തനെ ഉയർന്നു. വിമാനങ്ങളുടെ ലീസ്, ഇൻഷുറൻസ് തുകകൾ ഡോളറിലാണ് അടയ്ക്കേണ്ടത് എന്നതിനാൽ രൂപയുടെ മൂല്യത്തകർച്ച തിരിച്ചടി ഇരട്ടിയാക്കി. ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിച്ചതിനാൽ പെട്ടെന്ന് യാത്രാനിരക്ക് വർധിപ്പിക്കാൻ സാധിക്കാത്തതും തിരിച്ചടിയാവുന്നുണ്ട്.

സാധാരണയായി മൊത്തം ചെലവിന്റെ 30 മുതൽ 40 ശതമാനം വരെ വന്നിരുന്ന ഇന്ധനച്ചെലവ് നിലവിൽ 55 മുതൽ 60 ശതമാനം വരെയായി ഉയർന്നതായി സെപ്റ്റംബർ 25-ന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 ഡോളറിൽ നിന്ന് 118 ഡോളറായി ഉയർന്ന പശ്ചാത്തലത്തിൽ, എ.ടി.എഫ് വില ബാരലിന് 260.24 ഡോളർ വരെ ഉയർന്ന ശേഷം നിലവിൽ 175.33 ഡോളറിലാണ് നിൽക്കുന്നത്.

പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര സർവീസുകൾക്കായി നേരത്തെ അനുവദിച്ചിരുന്ന 25 ശതമാനം ലാൻഡിംഗ്-പാർക്കിംഗ് ചാർജ് ഇളവ് ദീർഘിപ്പിച്ചു നൽകണമെന്ന് വിമാനക്കമ്പനികൾ അഭ്യർത്ഥിച്ചു. കൂടാതെ, ആഭ്യന്തര എ.ടി.എഫ് വിലനിർണ്ണയം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് പകരം 'കോസ്റ്റ്-പ്ലസ് മോഡലിലേക്ക്' മാറ്റണമെന്നും 11 ശതമാനം വരുന്ന എക്സൈസ് ഡ്യൂട്ടി നിശ്ചിത നിരക്കിലേക്ക് ക്രമീകരിക്കണമെന്നും എഫ്.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി, മഹാരാഷ്ട്ര സർക്കാരുകൾ നൽകിവരുന്ന ഏഴ് ശതമാനം വാറ്റ് (VAT) ഇളവ് തുടരണമെന്നും മറ്റ് പ്രമുഖ സംസ്ഥാനങ്ങളിലും സമാന ഇളവുകൾ ഏർപ്പെടുത്താൻ കേന്ദ്ര ഇടപെടൽ വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)