2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നിര്‍ണായക തീരുമാനത്തിനൊരുങ്ങി ജിഎസ്ടി കൗണ്‍സില്‍; ബാങ്കുകള്‍ വഴിയുള്ള സ്വര്‍ണ ഇറക്കുമതിക്ക് നികുതി ഇളവ് റദ്ദാക്കിയേക്കും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 06:05 AM
പങ്കുവെക്കുക:
നിര്‍ണായക തീരുമാനത്തിനൊരുങ്ങി ജിഎസ്ടി കൗണ്‍സില്‍; ബാങ്കുകള്‍ വഴിയുള്ള സ്വര്‍ണ ഇറക്കുമതിക്ക് നികുതി ഇളവ് റദ്ദാക്കിയേക്കും
നിര്‍ണായക തീരുമാനത്തിനൊരുങ്ങി ജിഎസ്ടി കൗണ്‍സില്‍; ബാങ്കുകള്‍ വഴിയുള്ള സ്വര്‍ണ ഇറക്കുമതിക്ക് നികുതി ഇളവ് റദ്ദാക്കിയേക്കുംകേരളപ്രഭാതം

അനാവശ്യ ഇറക്കുമതി തടയുന്നതിനായി ബാങ്കുകളും സര്‍ക്കാര്‍ ഏജന്‍സികളും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനും വെള്ളിക്കുമുള്ള നികുതി ഇളവ് എടുത്തുകളയാന്‍ ജിഎസ്ടി കൗണ്‍സില്‍ ഒരുങ്ങുന്നു. ബുള്ളിയന്‍ വിപണിയില്‍ ഏകീകൃത നികുതി വ്യവസ്ഥ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ ഏഴിലെ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും.

ബാങ്കുകളും സര്‍ക്കാര്‍ ഏജന്‍സികളും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയ്ക്ക് നല്‍കിയിരുന്ന നികുതി ഇളവ് എടുത്തുകളയാന്‍ ജിഎസ്ടി കൗണ്‍സില്‍ ഒരുങ്ങുന്നു. അനാവശ്യ ഇറക്കുമതി തടയുകയും വിപണിയില്‍ ഏകീകൃത നികുതി വ്യവസ്ഥ നടപ്പിലാക്കുകയുമാണ് ലക്ഷ്യം. ഒക്ടോബര്‍ ഏഴിന് ചേരുന്ന കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ ജിഎസ്ടി കൗണ്‍സില്‍ യോഗം വിഷയം പരിഗണിക്കും.

നിലവില്‍ വിദേശത്ത് നിന്ന് ബുള്ളിയന്‍ ഇറക്കുമതി ചെയ്യുമ്പോള്‍ മൂന്ന് ശതമാനം ഐജിഎസ്ടി (IGST) നല്‍കണം. എന്നാല്‍‍ 2017 മുതല്‍ ബാങ്കുകള്‍ക്കും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്കും ഇതില്‍ ഇളവ് അനുവദിച്ചിരുന്നു. ഈ പ്രത്യേക ആനുകൂല്യമാണ് റദ്ദാക്കുന്നത്. ഇതോടെ ബുള്ളിയന്‍ എക്‌സ്‌ചേഞ്ചുകള്‍ക്കും ബാങ്കുകള്‍ക്കും മറ്റു ഏജന്‍സികള്‍ക്കും ഒരേ നികുതി നിരക്ക് ബാധകമാകും.

വലിയ ആശങ്കയായി വിദേശനാണ്യ ചോര്‍ച്ച

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍, ജ്വല്ലറി വ്യവസായത്തിലെ വന്‍ ആവശ്യകതയാണ് ഇറക്കുമതി ഉയര്‍ത്തുന്നത്. കനത്ത സ്വര്‍ണ ഇറക്കുമതി രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ പ്രതികൂലമായി ബാധിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇറക്കുമതി തടയാനായി കഴിഞ്ഞ മേയില്‍ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായും പ്ലാറ്റിനത്തിന്റേത് 15.4 ശതമാനമായും കുത്തനെ കൂട്ടിയിരുന്നു.

പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറക്കുമതി ചെലവ് വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്ത സാഹചര്യത്തില്‍, സ്വര്‍ണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു.

സ്വര്‍ണ ഇറക്കുമതിയില്‍ വീണ്ടും വര്‍ധന

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2026-27) ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 3.38 ശതമാനം വര്‍ധിച്ച് 17.47 ബില്യണ്‍ ഡോളറിലെത്തി (ഏകദേശം 1,67,712 കോടി രൂപ). അതേസമയം, വെള്ളിയുടെ ഇറക്കുമതി 8.81 ശതമാനം കുറഞ്ഞ് 1.74 ബില്യണ്‍ ഡോളറായി (ഏകദേശം 16,704 കോടി രൂപ) രേഖപ്പെടുത്തി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)