ഓര്‍ഡര്‍ ചെയ്യാത്ത പാര്‍സല്‍ വരും, ഒടിപി ചോദിക്കും; ആളുകളെ വീഴ്ത്തുന്ന സൈബര്‍ തട്ടിപ്പുകള്‍ അറിയാം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഓർഡർ ചെയ്യാത്ത പാർസലുകൾ ക്യാൻസൽ ചെയ്യാനെന്ന വ്യാജേന OTP ചോദിച്ച് ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കുന്ന പുതിയ സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക. ഇത്തരം അപരിചിത സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുകയും തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയും ചെയ്യുക.
നിങ്ങൾ ഓർഡർ ചെയ്യാത്ത ക്യാഷ് ഓൺ ഡെലിവറി (COD) പാർസലുകളുമായി ഡെലിവറി ഏജന്റെന്ന് അവകാശപ്പെട്ട് ഒരാളെത്തുന്നു. 'ഞാൻ അങ്ങനെ സാധനമൊന്നും ഓർഡർ ചെയ്തിട്ടില്ലല്ലോ' എന്ന് പറയുമ്പോൾ, എങ്കിൽ ഓർഡർ റദ്ദാക്കാൻ ഫോണിലേക്ക് വരുന്ന OTP പറഞ്ഞുതരാൻ ആവശ്യപ്പെടുന്നു. ശല്യം ഒഴിവാക്കാൻ വരുന്ന സന്ദേശത്തിലെ അക്കങ്ങൾ കൈമാറുന്ന നിമിഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പൂർണമായും കാലിയായേക്കാം. രാജ്യത്ത് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന പുതിയ സൈബർ തട്ടിപ്പ് രീതിയാണിത്.
ഇന്ത്യയിൽ ദിനംപ്രതി വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും പുതിയ തന്ത്രമാണിത്. വ്യാജ സന്ദേശങ്ങളും വ്യാജ കോളുകളും തിരിച്ചറിയാൻ സാധിക്കാത്തവിധം സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുകയാണ് തട്ടിപ്പുകാർ. ഭയവും അടിയന്തരമായി തീരുമാനമെടുക്കേണ്ടി വരുമ്പോഴുള്ള വെപ്രാളവും മുതലെടുത്താണ് ജനങ്ങളെ ഇവർ വലയിലാക്കുന്നത്. സാങ്കേതികവിദ്യ നന്നായി അറിയാവുന്നവരും ഉന്നത വിദ്യാഭ്യാസം നേടിയവരും ഇത്തരം സാമ്പത്തിക സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ടെന്ന് ഐ.ഐ.ടി മദ്രാസിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
അഞ്ചു വർഷത്തിനിടെ നഷ്ടപ്പെട്ടത് 55,050 കോടി രൂപ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2021-നും 2025-നും ഇടയിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ 65.89 ലക്ഷത്തിലധികം സാമ്പത്തിക തട്ടിപ്പ് പരാതികളാണ് ലഭിച്ചത്. ഇതുവഴി ഇന്ത്യക്കാർക്ക് നഷ്ടമായത് 55,050 കോടിയലധികം രൂപയാണ്. 2021-ൽ 2.62 ലക്ഷം പരാതികളിലായി 551 കോടി രൂപ നഷ്ടപ്പെട്ട സ്ഥാനത്ത്, 2025 ആയപ്പോഴേക്കും പരാതികളുടെ എണ്ണം 24.02 ലക്ഷമായും നഷ്ടപ്പെട്ട തുക 22,495 കോടി രൂപയായും കുത്തനെ ഉയർന്നു.
പ്രധാന തട്ടിപ്പ് രീതികൾ:
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ
കൊറിയർ/പാർസൽ വ്യാജ കോളുകൾ
യു.പി.ഐ കളക്ട് റിക്വസ്റ്റ് തട്ടിപ്പ്
കെ.വൈ.സി (KYC) അപ്ഡേഷൻ തട്ടിപ്പുകൾ
വ്യാജ ഇൻവെസ്റ്റ്മെന്റ്/സ്റ്റോക്ക് ട്രേഡിങ് ആപ്പുകൾ
മുൻകരുതലുകൾ സ്വീകരിക്കാം:
OTP കൈമാറരുത്: ഓർഡർ ചെയ്യാത്ത സാധനങ്ങൾക്ക് ഡെലിവറി ക്യാൻസലേഷൻ OTP ആര് ചോദിച്ചാലും നൽകരുത്.
രഹസ്യ സ്വഭാവം സൂക്ഷിക്കുക: ബാങ്ക് വിവരങ്ങളും പാസ്‌വേർഡുകളും പിൻ നമ്പറുകളും ആരുമായും പങ്കുവെക്കരുത്. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
ടു-ഫാക്ടർ ഓതന്റിക്കേഷൻ: ബാങ്ക്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് മൾട്ടി-ഫാക്ടർ/ടു-ഫാക്ടർ ഓതന്റിക്കേഷൻ ഉറപ്പാക്കുക.
തെളിവുകൾ സൂക്ഷിക്കുക: തട്ടിപ്പിനിരയായാൽ സന്ദേശങ്ങൾ, ട്രാൻസാക്ഷൻ രസീതുകൾ, തട്ടിപ്പുകാരുടെ നമ്പറുകൾ എന്നിവയുടെ സ്ക്രീൻഷോട്ടുകൾ സൂക്ഷിക്കുകയും ബാങ്ക് പാസ്‌വേർഡുകൾ ഉടൻ മാറ്റുകയും ചെയ്യുക.
സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ വൈകാതെ തന്നെ ദേശീയ ഹെൽപ്പ് ലൈൻ നമ്പറായ 1930-ലോ cybercrime.gov.in എന്ന ഔദ്യോഗിക പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.




