5 ദിവസം കൊണ്ട് 340 കോടി നേട്ടവുമായി 'ദൃശ്യം ദി കൺക്ലൂഷൻ'
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

അഞ്ച് ദിവസം കൊണ്ട് 340 കോടി ആഗോള കളക്ഷൻ നേടി അജയ് ദേവ്ഗൺ ചിത്രം 'ദൃശ്യം 3' ബോക്സ് ഓഫീസിൽ മുന്നേറ്റം തുടരുന്നു. മലയാളം പതിപ്പിൽ നിന്ന് തിരക്കഥയിൽ മാറ്റ വരുത്തി അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അജയ് ദേവ്ഗണും തബുവും പ്രധാന വേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം 'ദൃശ്യം 3' (ദൃശ്യം ദ കൺക്ലൂഷൻ) ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം തുടരുന്നു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസങ്ങൾക്കുള്ളിൽ ചിത്രം ആഗോളതലത്തിൽ 340 കോടി രൂപ സമാഹരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മോഹൻലാൽ നായകനായ മലയാളം 'ദൃശ്യം 3' പുറത്തിറങ്ങി നാല് മാസങ്ങൾക്ക് ശേഷമാണ് ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തിയത്. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിന് തുടക്കം മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. മലയാളം ഒറിജിനലിൽ നിന്ന് ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥയിലെ മാറ്റങ്ങളെക്കുറിച്ച് സംവിധായകൻ ജീത്തു ജോസഫുമായി ചർച്ച ചെയ്തിരുന്നതായി അണിയറപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രമുഖ ചലച്ചിത്ര നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 4.5/5 റേറ്റിംഗ് നൽകുകയും "ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മേക്കിങ്ങിലെ പുതുമയും പ്രവചനാതീതമായ ട്വിസ്റ്റുകളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. അജയ് ദേവ്ഗൺ, തബു എന്നിവർക്ക് പുറമെ ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ എന്നിവരുടെ പ്രകടനവും പശ്ചാത്തല സംഗീതവും ഏറെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.




