ഏഴ് കടല്‍ ഏഴ് മലൈ- ഇതുവരെ നേടിയത്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഏഴ് കടൽ ഏഴ് മലൈ: നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം നീണ്ട കാത്തിരിപ്പിനൊടുവിൽ തിയറ്ററുകളിലെത്തിയെങ്കിലും ബോക്സ് ഓഫിസിൽ മന്ദഗതിയിൽ മുന്നേറുന്നു.
കൊച്ചി: നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം 'ഏഴ് കടൽ ഏഴ് മലൈ' തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ ഒക്ടോബർ ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫിസിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായിട്ടില്ല. നിലവിൽ രണ്ടു കോടി രൂപ മാത്രമാണ് ആഗോളതലത്തിൽ ചിത്രത്തിന് നേടാനായത്.
സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിൽ അഞ്ജലിയും സൂരിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. നിർമ്മാണം പൂർത്തിയായി രണ്ടര വർഷത്തിന് ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്.
തിയറ്റർ റിലീസിന് മുമ്പ് തന്നെ പ്രശസ്ത അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം ശ്രദ്ധ നേടിയിരുന്നു. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ 'ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ' വിഭാഗത്തിലും 46-ാമത് മോസ്കോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ 'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്' കാറ്റഗറിയിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പേരൻപ്, തങ്കമീൻകൾ, കറ്ററത് തമിഴ്, തരമണി എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏകാംബരം ഛായാഗ്രഹണവും മതി വി.എസ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ചന്ദ്രകാന്ത് സോനവാനെ (വസ്ത്രാലങ്കാരം), പട്ടണം റഷീദ് (മേക്കപ്പ്), ഉമേഷ് ജെ. കുമാർ (പ്രൊഡക്ഷൻ ഡിസൈൻ), സ്റ്റണ്ട് സിൽവ (ആക്ഷൻ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.




