'ചെവിട്ടോർമ്മ'യിലെ വർക്കിച്ചനായപ്പോൾ മനസ്സിൽ ധ്യാനിച്ചത് മുത്തച്ഛന്‍റെ വിയോഗം: ബുസാനിൽ മനസ് തുറന്ന് ദിലീഷ് പോത്തൻ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

'ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ ഇപ്പോഴും സംവിധായകനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും സാമ്പത്തിക പ്രതിസന്ധി മൂലമാണ് അഭിനയത്തിലേക്ക് എത്തിയതെന്നും താരം വെളിപ്പെടുത്തിയത്.
31-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (BIFF 2026) വേൾഡ് പ്രീമിയറിനെത്തിയ മലയാള ചിത്രം ‘ചെവിട്ടോർമ്മ’യും ദിലീഷ് പോത്തന്റെ പ്രകടനവും ശ്രദ്ധേയമാകുന്നു. ലിയോ തദേവൂസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം ‘ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ മനസ്സ് തുറന്നത്.
തന്റെ യഥാർത്ഥ പ്രായത്തേക്കാൾ ഇരട്ടിയോളം പ്രായമുള്ള, മരണക്കിടക്കയിലായ 'വർക്കിച്ചൻ' എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. "ജീവിതത്തിൽ മരണത്തെ ഏറ്റവും അടുത്തറിഞ്ഞത് മുത്തച്ഛൻ മരിച്ചപ്പോഴാണ്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിൽ ഞാൻ കൂടെയുണ്ടായിരുന്നു. ആ അനുഭവങ്ങളും ചുറ്റും കണ്ടിട്ടുള്ള രോഗികളുടെ മാനസികാവസ്ഥയും ധ്യാനിച്ചാണ് വർക്കിച്ചനിലേക്ക് എത്തിയത്," ദിലീഷ് പോത്തൻ പറഞ്ഞു. മേക്കപ്പ് ആർട്ടിസ്റ്റ് റൊണെക്സ് സേവ്യറിന്റെ മേക്കപ്പും പൗളി വത്സന്റെ പ്രകടനവും കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മേളയിലെ ‘എ വിൻഡോ ഓൺ ഏഷ്യൻ സിനിമ’ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. റെഡ് കാർപ്പറ്റിൽ പരമ്പരാഗത മലയാളി വേഷത്തിലെത്തിയ അണിയറപ്രവർത്തകർ ഏവരുടെയും ശ്രദ്ധകവർന്നു.
താൻ ഇപ്പോഴും ഒരു സംവിധായകനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും തുടക്കകാലത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ജീവനോപാധിയായാണ് അഭിനയത്തിലേക്ക് വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘സാൾട്ട് ആന്റ് പെപ്പർ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പോത്തൻ, പിന്നീട് അഭിനയം ആസ്വദിച്ചു തുടങ്ങുകയായിരുന്നു.
സമീപകാലത്തിറങ്ങിയ ‘റോന്ത്’, ‘ഓ ബേബി’, ‘റൈഫിൾ ക്ലബ്’ എന്നീ ചിത്രങ്ങളിലെ പോത്തന്റെ അഭിനയം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.




