വൻ കുതിപ്പുമായി ദൃശ്യം 3, കളക്ഷൻ കണക്കുകള്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

അജയ് ദേവ്ഗൺ നായകനായ ‘ദൃശ്യം 3’ ആഗോളതലത്തിൽ 366.50 കോടി നേടി ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു.
ബോളിവുഡ് സിനിമാസ്വാദകർ ഏറെ ആകാംഷയോടെ കാത്തിരുന്ന അജയ് ദേവ്ഗൺ ചിത്രം ‘ദൃശ്യം 3’ (ദൃശ്യം: ദ കൺക്ലൂഷൻ) ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. മോഹൻലാൽ നായകനായ മലയാളം ഒറിജിനൽ റിലീസ് ചെയ്ത് നാല് മാസത്തിന് ശേഷം തിയറ്ററുകളിലെത്തിയ ഹിന്ദി പതിപ്പ് ആഗോളതലത്തിൽ 366.50 കോടി രൂപ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രം അഭിനയത്തിലും മേക്കിങ്ങിലും തികച്ചും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. പ്രമുഖ ചലച്ചിത്ര നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 4.5/5 റേറ്റിംഗ് നൽകുകയും "ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഒറിജിനൽ പതിപ്പിലെ ക്ലൈമാക്സിൽ നിന്ന് വേറിട്ടുനിൽക്കുന്ന മികച്ച എൻഡിംഗാണ് ഹിന്ദി പതിപ്പിന്റേതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
മലയാളം പതിപ്പിൽ നിന്ന് ചില നിർണായക മാറ്റങ്ങളോടെയാണ് ഹിന്ദി റീമേക്ക് ഒരുക്കിയിരിക്കുന്നത്. ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ് മുൻപ് വ്യക്തമാക്കിയിരുന്നു. ഈ മാറ്റങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളുമാണ് ചിത്രത്തിന് വലിയ തോതിൽ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്.
അജയ് ദേവ്ഗണ് പുറമെ തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ജയ്ദീപ് അഹ്ലാവതിന്റെ പ്രകടനം ചിത്രത്തിന് വലിയ കരുത്തായതായി നിരൂപകരും പ്രേക്ഷകരും ചൂണ്ടിക്കാട്ടുന്നു. മികച്ച തിരക്കഥയും പശ്ചാത്തല സംഗീതവും ചേർന്നതോടെ ഈ വർഷത്തെ ഏറ്റവും വലിയ ബോളിവുഡ് വിജയങ്ങളിലൊന്നായി ‘ദൃശ്യം 3’ മാറിക്കഴിഞ്ഞു.




