വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന ചിത്രം 'രണബാലി'യുടെ നോർത്ത് അമേരിക്കൻ ബുക്കിങ് ആരംഭിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന ജോഡി ഒന്നിക്കുന്ന ബിഗ് ബജറ്റ് പീരിയഡ് ചിത്രം ‘രണബാലി’യുടെ നോർത്ത് അമേരിക്കൻ, യുകെ ബുക്കിങ് ആരംഭിച്ചു. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ബ്രിട്ടീഷ് ഭരണകാലത്തെ വംശഹത്യകളുടെ കഥയപറഞ്ഞ് ഒക്ടോബർ 16-ന് തിയറ്ററുകളിലെത്തും.
വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പീരിയഡ് ആക്ഷൻ ഡ്രാമ ‘രണബാലി’യുടെ നോർത്ത് അമേരിക്കൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. യുകെയിലും അയർലൻഡിലും ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ബുക്കിങ് ഉടൻ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
സെപ്റ്റംബർ 11ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം സാങ്കേതിക കാരണങ്ങളാൽ റിലീസ് നീട്ടിവെക്കുകയായിരുന്നു. പുതിയ പ്രഖ്യാപനപ്രകാരം ഒക്ടോബർ 16നാണ് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ ഒക്ടോബർ എട്ടിന് പുറത്തുവിടും.
പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചരിത്രപുസ്തകങ്ങളിൽ മറച്ചുവെക്കപ്പെട്ട ബ്രിട്ടീഷ് വംശഹത്യകളും സാമ്പത്തിക ചൂഷണവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥരുടെ ഭരണകാലത്ത് ഇന്ത്യയിൽ ഉണ്ടായ കൃത്രിമ വരൾച്ചയും ക്രൂരതകളും സിനിമ ചർച്ച ചെയ്യുന്നു. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ടീസറും ഗ്ലിംപ്‌സും വ്യക്തമാക്കുന്നു.
ചിത്രത്തിലെ ‘എൻതയ്യ സാമി’ എന്ന ആദ്യ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. അജയ്-അതുൽ കോമ്പോ സംഗീതം പകർന്ന് ശ്വേത മോഹനും അജയ് ഗൊഗവാലേയും ചേർന്ന് ആലപിച്ച തെലുങ്ക് പതിപ്പ് മാത്രം 27 മില്യൺ കാഴ്ചക്കാരെയാണ് നേടിയത്. എല്ലാ ഭാഷകളിലുമായി 35 മില്യണിലധികം പേർ ഗാനം കണ്ടുകഴിഞ്ഞു.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹത്തിന് ശേഷം ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും രണബാലിക്കുണ്ട്. ചിത്രത്തിൽ ‘രണബാലി’ എന്ന പോരാളിയായി വിജയ് എത്തുമ്പോൾ ‘ജയമ്മ’ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. ഹോളിവുഡ് ചിത്രം ‘ദി മമ്മി’യിലൂടെ ശ്രദ്ധേയനായ അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രമായ സർ തിയോഡോർ ഹെക്ടറായി വേഷമിടുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമിക്കുന്ന ചിത്രം ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇത് ഒരു ബയോപിക്കല്ലെന്നും, വാമൊഴി ചരിത്രങ്ങളുടെയും രേഖകളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.




