2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ജലദോഷമുള്ളപ്പോള്‍ ഐസ്‌ക്രീം കഴിക്കാമോ? ; അറിയാം ഇക്കാര്യങ്ങള്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 5, തിങ്കൾ | 07:45 AM
പങ്കുവെക്കുക:
ജലദോഷമുള്ളപ്പോള്‍ ഐസ്‌ക്രീം കഴിക്കാമോ? ; അറിയാം ഇക്കാര്യങ്ങള്‍
ജലദോഷമുള്ളപ്പോള്‍ ഐസ്‌ക്രീം കഴിക്കാമോ? ; അറിയാം ഇക്കാര്യങ്ങള്‍കേരളപ്രഭാതം

ജലദോഷമുള്ളപ്പോള്‍ മിതമായ അളവില്‍ ഐസ്‌ക്രീം കഴിക്കുന്നത് രോഗം വഷളാക്കില്ലെന്നും കഫക്കെട്ടുണ്ടാക്കുമെന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. എങ്കിലും വ്യക്തിഗത അസ്വസ്ഥതകള്‍ക്കനുസരിച്ച് തണുത്ത ഭക്ഷണങ്ങളില്‍‍ മാറ്റം വരുത്താവുന്നതാണ്.

ജലദോഷം വരുമ്പോള്‍ ഐസ്‌ക്രീം, തണുത്ത പാനീയങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നത് പരമ്പരാഗതമായി കൈമാറിവരുന്ന ഒരു ഉപദേശമാണ്. തണുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ജലദോഷവും കഫക്കെട്ടും കൂട്ടുമെന്നും വൈറസ് പെരുകാന്‍ കാരണമാകുമെന്നുമാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഈ ധാരണയ്ക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്ന് മെഡിക്കല്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു.


വൈറസ് ബാധ മൂലമാണ് സാധാരണയായി ജലദോഷമുണ്ടാകുന്നത്. തണുത്ത ഭക്ഷണങ്ങളോ ഐസ്‌ക്രീമോ കഴിക്കുന്നത് വൈറസിന്റെ പെരുപ്പത്തെ ബാധിക്കുകയോ അണുബാധ വഷളാക്കുകയോ ചെയ്യില്ലെന്ന് ബെംഗളൂരു ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. ബസവരാജ് എസ്. കുമ്പാര്‍ ചൂണ്ടിക്കാണിക്കുന്നു.


ഐസ്‌ക്രീമും കഫക്കെട്ടും; സത്യമെന്ത്?


പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് കഫം വര്‍ദ്ധിപ്പിക്കുമെന്ന വിശ്വാസത്തിനും തെളിവുകളൊന്നുമില്ല. പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിച്ച ശേഷം തൊണ്ടയിലോ വായയിലോ കട്ടിയുള്ള ഒരു പാട പോലെ അനുഭവപ്പെടുന്നത് കഫം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതുകൊണ്ടല്ല. പാല്‍ ഉല്‍പ്പന്നങ്ങള്‍ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഏതൊരാള്‍ക്കും ജലദോഷമുള്ളപ്പോഴും മിതമായ അളവില്‍ ഐസ്‌ക്രീം കഴിക്കാവുന്നതാണ്.


ശരീരത്തിന്റെ പ്രതികരണം പ്രധാനം


തണുത്ത ഭക്ഷണങ്ങളോട് ഓരോരുത്തരുടെയും ശരീരം വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുന്നത്:


  • ആശ്വാസം നല്‍കുന്നവര്‍ക്ക്: തൊണ്ടവേദനയുള്ള ചിലര്‍ക്ക് തണുത്ത ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നത് അസ്വസ്ഥത താല്‍ക്കാലികമായി കുറയ്ക്കാന്‍ സഹായിക്കും.

  • ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍‍ക്ക്: ചിലരില്‍ തണുത്ത ഭക്ഷണങ്ങള്‍ തൊണ്ടവേദന, ചുമ, മൂക്കടപ്പ് എന്നിവ വര്‍ദ്ധിപ്പിച്ചേക്കാം.

തണുത്ത ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടയില്‍ അസ്വസ്ഥതയോ മറ്റ് പ്രയാസങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ രോഗം ഭേദമാകുന്നതുവരെ അവ ഒഴിവാക്കുന്നതാണ് അഭികാമ്യം. ജലദോഷമുള്ള സമയത്ത് എന്തൊക്കെ കഴിക്കണം എന്നത് സ്വന്തം ശരീരത്തിന്റെ പ്രതികരണത്തിന് അനുസരിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്ന് ഡോ. കുമ്പാര്‍ വ്യക്തമാക്കുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)