രോഗനിര്‍ണയവും ചികില്‍സയും വൈകിയാല്‍ മരണം വരെ സംഭവിക്കാം, സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ
സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി (മീസെൽസ്) പടർന്നുപിടിക്കുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.വാക്സിനേഷൻ കൃത്യമായി എടുക്കാത്തതിനെത്തുടർന്ന് രോഗവ്യാപനം ശക്തമായ മലപ്പുറത്തും കോഴിക്കോട്ടും കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ മരണപ്പെട്ടു.
കോഴിക്കോട്: പ്രതിരോധ കുത്തിവെപ്പിലൂടെ ഫലപ്രദമായി കൺട്രോൾ ചെയ്തിരുന്ന അഞ്ചാംപനി (മീസെൽസ്) സംസ്ഥാനത്ത് വീണ്ടും ഭീഷണിയാകുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ രോഗം ബാധിച്ച് മരിച്ചു. രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇരു ജില്ലകളിലും ആരോഗ്യവകുപ്പ് തീവ്ര ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ 30 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, ഈ വർഷം ഇതുവരെ 80 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിലേറെയും കുട്ടികളാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് ഒരാളും മലപ്പുറത്ത് രണ്ടു കുട്ടികളുമാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.
വായുവിലൂടെയും രോഗിയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും അതിവേഗം പടരുന്ന വൈറസ് രോഗമാണിത്. കടുത്ത പനിയും ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾ പ്രത്യക്ഷപ്പെടുന്നതുമാണ് പ്രധാന ലക്ഷണങ്ങൾ. കൃത്യസമയത്ത് രോഗനിർണയവും ചികിത്സയും ലഭിക്കാതിരുന്നാൽ ജീവനുതന്നെ ഭീഷണിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കുട്ടികളിൽ ഒമ്പതാം മാസത്തിലും 16 മുതൽ 24 വരെയുള്ള മാസങ്ങൾക്കിടയിലുമാണ് മീസെൽസ്-റുബെല്ല (MR) വാക്സിൻ നൽകേണ്ടത്. വാക്സിനേഷൻ കൃത്യമായി പൂർത്തിയാക്കാത്തവരിലാണ് രോഗം പടർന്നുപിടിക്കുന്നത്. ഒരേ കുടുംബത്തിലെ ഒന്നിലധികം കുട്ടികൾക്ക് രോഗം ബാധിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്ഥിരീകരിച്ച കേസുകൾക്ക് പുറമെ, രോഗലക്ഷണങ്ങളോടെ ധാരാളം പേർ നിരീക്ഷണത്തിലുണ്ട്. രോഗവ്യാപനം തടയുന്നതിനായി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനുകൾ കൂടുതൽ ഊർജിതമാക്കാനുള്ള നടപടികളിലാണ് ആരോഗ്യ പ്രവർത്തകർ.




