ട്രെയിൻ യാത്രക്കാർ ജാഗ്രത! ടിക്കറ്റ് പരിശോധനയിൽ വൻ മാറ്റം പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സെൻട്രൽ റെയിൽവേയിൽ ടിക്കറ്റ് പരിശോധന കർശനമാക്കി: ഒക്ടോബർ ഒന്നു മുതൽ പ്രത്യേക പരിശോധനാ ക്യാമ്പയിൻ ആരംഭിച്ച സെൻട്രൽ റെയിൽവേ, ടിക്കറ്റില്ലാ യാത്രയ്ക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി.
മുംബൈ: ടിക്കറ്റ് പരിശോധന ശക്തമാക്കാനൊരുങ്ങി സെൻട്രൽ റെയിൽവേ. ഒക്ടോബർ ഒന്നു മുതൽ 31 വരെ നീളുന്ന പ്രത്യേക പരിശോധനാ ക്യാമ്പയിന് റെയിൽവേ തുടക്കമിട്ടു. ടിക്കറ്റിന്റെ സാധുത, വിവിധ ഇളവുകൾ, റിസർവേഷൻ ക്വാട്ടകൾ, റെയിൽവേ പാസുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.
ഗ്രൂപ്പ് ടിക്കറ്റുകൾക്ക് ഐ.ഡി കാർഡ് നിർബന്ധം ഒന്നിലധികം പേർ ഉൾപ്പെടുന്ന ടിക്കറ്റുകളിൽ യാത്ര ചെയ്യുന്നവരിൽ കുറഞ്ഞത് ഒരാളെങ്കിലും ഒറിജിനൽ തിരിച്ചറിയൽ രേഖ കൈവശം വെക്കേണ്ടതുണ്ട്. യാത്രക്കാരിൽ ആരുടെയും പക്കൽ ഒറിജിനൽ രേഖയില്ലെങ്കിൽ, ടിക്കറ്റിലുള്ള മുഴുവൻ പേരെയും ടിക്കറ്റില്ലാത്ത യാത്രക്കാരായി കണക്കാക്കി നിയമനടപടി സ്വീകരിക്കും. ഫോട്ടോകോപ്പികൾ അംഗീകരിക്കില്ല.
ഇളവുകൾ ലഭിച്ചവർ രേഖകൾ ഹാജരാക്കണം യാത്രാനിരക്കിൽ ഇളവ് നേടിയവരും പ്രത്യേക ക്വാട്ടയിൽ ടിക്കറ്റ് എടുത്തവരും അതിനുള്ള അർഹത തെളിയിക്കുന്ന ഒറിജിനൽ രേഖകൾ യാത്രയിൽ കൈവശം വെക്കണം. റെയിൽവേ ജീവനക്കാരും കുടുംബാംഗങ്ങളും ഇ-പാസ് അല്ലെങ്കിൽ പാസഞ്ചർ ഓർഡർ ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ ഒറിജിനൽ ഐ.ഡി കാർഡ് കരുതണം. യാത്ര തുടങ്ങുന്നതിന് മുൻപ് ഇവ ഔദ്യോഗിക യാത്രാ അധികാരപത്രമാക്കി മാറ്റിയിരിക്കണം. അല്ലാത്തപക്ഷം ടിക്കറ്റില്ലാത്ത യാത്രയായി കണക്കാക്കും.
കുറഞ്ഞ പിഴ 500 രൂപയാക്കി ഉയർത്തി ടിക്കറ്റില്ലാതെയോ അനധികൃതമായോ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ പിഴത്തുക 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി. യാത്ര ചെയ്യുന്ന ദൂരത്തിന്റെ നിരക്കിന് പുറമേയാണിത്.
അൺറിസർവ്ഡ്, റിസർവ്ഡ് ടിക്കറ്റുകളുടെ പരിശോധന ഒരുപോലെ കർശനമാക്കാനാണ് റെയിൽവേ തീരുമാനം. സംശയമുള്ള ടിക്കറ്റുകൾ 'ടിക്കറ്റ് എക്സാമിനർ ആപ്പ്' വഴി ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തും. ടിക്കറ്റ് ദുരുപയോഗം, അനധികൃത ഇളവുകൾ, റെയിൽവേ പാസുകളുടെ തെറ്റായ ഉപയോഗം എന്നിവ തടയുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു.




