ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ മേധാവി; എയർ മാർഷൽ അശുതോഷ് ദീക്ഷിത് ഒക്ടോബർ 31ന് ചുമതലയേൽക്കും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി കേന്ദ്ര സർക്കാർ നിയമിച്ചു.
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് ഒക്ടോബർ 31-ന് വിരമിക്കുന്ന ഒഴിയിലാണ് നിയമനം. അന്ന് ഉച്ചയ്ക്ക് ശേഷം അശുതോഷ് ദീക്ഷിത് എയർ ചീഫ് മാർഷൽ പദവിയിൽ ചുമതലയേൽക്കും.
നിലവിൽ വ്യോമസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. 1986 ഡിസംബറിലാണ് ഫൈറ്റർ സ്ട്രീമിൽ കമ്മീഷൻ ചെയ്തത്. നാല് പതിറ്റാണ്ട് നീണ്ട സേവന പാരമ്പര്യമുള്ള അദ്ദേഹം എക്സ്പരിമെന്റൽ ടെസ്റ്റ് പൈലറ്റ്, ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്ടർ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. 3,500 മണിക്കൂറിലധികം വിമാനം പറത്തിയുള്ള പരിചയസമ്പത്തുണ്ട്.
മിറാഷ്-2000, മിഗ്, ജാഗ്വാർ, തേജസ്, ഐ.എൽ-78 തുടങ്ങിയ പോർവിമാനങ്ങൾ പറത്തിയിട്ടുള്ള അദ്ദേഹം ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക് എന്നീ നിർണ്ണായക ദൗത്യങ്ങളുടെ ഭാഗമായിരുന്നു. തദ്ദേശീയമായി നിർമ്മിച്ച എൽ.സി.എ തേജസ് പദ്ധതി വിപുലീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
വായുസേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, പരമ വിശിഷ്ട സേവാ മെഡൽ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.




