പെൺകുട്ടികളുടെ ഹോസ്റ്റലിലെ ബാത്ത്റൂം തുറന്നപ്പോൾ മുന്നിൽ 10 അടി നീളമുള്ള പെരുമ്പാമ്പ്! കൂട്ട നിലവിളി, ഒടുവിൽ പ്രതി പിടിയിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പെൺകുട്ടികളുടെ ഹോസ്റ്റലിലെ ബാത്ത്റൂമിലാണ് ഏകദേശം 10 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഇത്രയും കൂറ്റൻ പെരുമ്പാമ്പിനെ കണ്ടതോടെ വിദ്യാർഥിനികൾ ഭയന്ന് ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചു.
സാഗർ: പെൺകുട്ടികളുടെ ഹോസ്റ്റൽ ബാത്ത്റൂമിൽ 10 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. മധ്യപ്രദേശിലെ സാഗർ നഗരത്തിലുള്ള ടിലി മേഖലയിലെ ഗേൾസ് ഹോസ്റ്റലിലാണ് സംഭവം. ബാത്ത്റൂം തുറന്ന വിദ്യാർഥിനികളാണ് പാമ്പിനെ കണ്ട് കൂട്ടനിലവിളിച്ചതും പരിഭ്രാന്തരായതും.
അപ്രതീക്ഷിതമായി കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഭയന്ന പെൺകുട്ടികൾ ഉടൻതന്നെ വിവരം ഹോസ്റ്റൽ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതർ സ്നേക്ക് ക്യാച്ചറായ അകീൽ ബാബയുടെ സഹായം തേടി.
സ്ഥലത്തെത്തിയ അദ്ദേഹം ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടു. പാമ്പിനെ പിടിയിലാക്കിയതോടെയാണ് ഹോസ്റ്റലിലെ വിദ്യാർഥിനികൾക്കും അധികൃതർക്കും ആശ്വാസമായത്.




