'വേണമെങ്കിൽ എന്നെ നീക്കാം'; പക്ഷേ ഇക്കാര്യത്തിൽ തീരുമാനമാകാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് രാഹുൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 'ഇന്ത്യ' സഖ്യം എം.പിമാർ ദില്ലിയിൽ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു; തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിപക്ഷം. സ്ഥലത്ത് പൊലീസും നേതാക്കളും തമ്മിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ അനുവദിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 'ഇന്ത്യ' സഖ്യം എം.പിമാർ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. കമ്മീഷണറെ കാണാതെ പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉറപ്പിച്ചുപറഞ്ഞു. വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ സമരം തുടരുമെന്നും ബലപ്രയോഗത്തിലൂടെ വേണമെങ്കിൽ തന്നെ നീക്കാമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. "ഇവിടെ ഇരിക്കരുതെന്ന് പൊലീസ് പറയുന്നു, പിന്നെ ഞങ്ങൾ എവിടെ പോകാനാണ്?" എന്ന് അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നീക്കം സജീവമാണ്. നിവേദനത്തിന്റെ കരട് തയ്യാറാക്കൽ പുരോഗമിക്കുകയാണെന്നും ഒരു മണിക്കൂറിനുള്ളിൽ നേതാക്കൾ കമ്മീഷണറെ കണ്ടേക്കുമെന്നുമാണ് സൂചന.
അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഡി.സി.പി മുഖേന പ്രിയങ്ക ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും പൊലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി.
സ്ഥലത്ത് പൊലീസും ജനപ്രതിനിധികളും തമ്മിൽ കടുത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. എം.പിമാരായ ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരെ ബലപ്രയോഗത്തിലൂടെ മാറ്റാൻ പൊലീസ് ശ്രമിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബിനെ കൊണ്ടുപോയ ബസിന്റെ ടയർ കാറ്റ് അഴിച്ചുവിടുകയും ബസിന്റെ ചാവി ഊരിയെടുത്ത് ഒരു പ്രവർത്തകൻ ഓടുകയും ചെയ്തു. കോൺഗ്രസ് എം.പിമാർ കൈകോർത്തുപിടിച്ചാണ് റോഡിൽ പ്രതിഷേധം തുടരുന്നത്.




