ഇന്ത്യൻ കാർ വിപണിയിലെ വരാനിരിക്കുന്ന ആ ഹൈബ്രിഡ് വിപ്ലവം!
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

അടുത്ത രണ്ട് വർഷത്തിനുള്ളിൽ മാരുതി, ഹ്യുണ്ടായി, ടൊയോട്ട, റെനോ തുടങ്ങിയ പ്രമുഖ കമ്പനികൾ നികുതി ഇളവുകളോടെ താങ്ങാനാവുന്ന വിലയിലുള്ള ചെറിയ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കും.
ഇന്ത്യൻ കാർ വിപണി ലക്ഷ്യമിട്ട് വമ്പൻ ഹൈബ്രിഡ് വിപ്ലവത്തിനൊരുങ്ങി പ്രമുഖ വാഹന നിർമാതാക്കൾ. അടുത്ത 18 മുതൽ 24 മാസത്തിനുള്ളിൽ ചെലവുകുറഞ്ഞ ചെറിയ ഹൈബ്രിഡ് കാറുകൾ നിരത്തിലിറക്കാനാണ് മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട, റെനോ തുടങ്ങിയ കമ്പനികളുടെ നീക്കം. പ്രധാനമായും നാല് മീറ്ററിൽ താഴെ നീളമുള്ള മോഡലുകളിലാണ് കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ വലിപ്പവുമുള്ള കാറുകൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ജി.എസ്.ടി നിരക്കുകളിലെ ഇളവും പുതിയ CAFE-3 മാനദണ്ഡങ്ങളുമാണ് ഈ മാറ്റത്തിന് പ്രധാന പ്രേരകമാകുന്നത്.
മാരുതി മുതൽ റെനോ വരെ; ആധിപത്യത്തിനായി പ്രമുഖർ
ചെറുകാറുകൾക്കായി പ്രത്യേക ഹൈബ്രിഡ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന തിരക്കിലാണ് മാരുതി സുസുക്കി. ഫ്രോങ്ക്സ്, ബലേനോ, സ്വിഫ്റ്റ്, ബ്രെസ്സ എന്നീ ജനപ്രിയ മോഡലുകളിൽ ഈ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയേക്കും. 2027-ഓടെ ആദ്യ ഹൈബ്രിഡ് മോഡൽ വിപണിയിലെത്തിക്കാനാണ് മാരുതിയുടെ പദ്ധതി.
ഹ്യുണ്ടായിയും ഇന്ത്യക്കായി പ്രത്യേക ചെറിയ ഹൈബ്രിഡ് മോഡൽ അണിയറയിലൊരുക്കുന്നുണ്ട്. 2027 മധ്യത്തോടെ വാഹനം പുറത്തിറങ്ങിയേക്കും. ടൊയോട്ട അവരുടെ അർബൻ ക്രൂയിസർ ടൈസറിന്റെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. 'ബ്രിഡ്ജർ' ആശയം ആസ്പദമാക്കി സബ്-4 മീറ്റർ അർബൻ എസ്‌യുവി വികസിപ്പിക്കുന്ന റെനോ, 2027 അവസാനത്തോടെ ഇതിന്റെ ഹൈബ്രിഡ് പതിപ്പ് വിപണിയിലെത്തിച്ചേക്കും.
വിലക്കുറവിന് വഴിതുറന്ന് നികുതി ഇളവുകൾ
നിലവിൽ വിപണിയിലുള്ള ഭൂരിഭാഗം ഹൈബ്രിഡ് കാറുകൾക്കും 16 ലക്ഷം രൂപയ്ക്ക് മുകളിലാണ് വില. നാല് മീറ്ററിലധികം നീളമുള്ള വാഹനങ്ങളായതിനാൽ ഇവയ്ക്ക് ഉയർന്ന നികുതിയും നൽകേണ്ടി വരുന്നുണ്ട്. എന്നാൽ, 2025 സെപ്റ്റംബറിൽ വന്ന ജി.എസ്.ടി പരിഷ്കരണത്തോടെ നാല് മീറ്ററിൽ താഴെയുള്ള ചെറിയ ഹൈബ്രിഡ് കാറുകളുടെ നികുതി 18 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് കുറഞ്ഞ നിരക്കിൽ കാറുകൾ വിൽപ്പനയ്‌ക്കെത്തിക്കാൻ നിർമാതാക്കൾക്ക് സഹായകരമാകും.
ഇലക്ട്രിക് കാറുകളെക്കാൾ റേഞ്ച് ആശങ്ക കുറവ്
പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ഒന്നിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് സംവിധാനം, ഇലക്ട്രിക് വാഹനങ്ങൾ നേരിടുന്ന 'റേഞ്ച് ആശങ്ക' പൂർണമായും ഒഴിവാക്കുന്നു. സാധാരണ പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് മികച്ച മൈലേജ് ലഭിക്കുമെന്നതും ഇവയുടെ ആകർഷണം കൂട്ടുന്നു.
ഇതിന് പുറമെ, 2027 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ CAFE-3 ഇന്ധനക്ഷമതാ മാനദണ്ഡങ്ങൾ പാലിക്കാൻ കമ്പനികൾ നിർബന്ധിതരാകുന്നതും ഹൈബ്രിഡ് സാങ്കേതികവിദ്യയിലേക്ക് കൂടുതൽ വേഗത്തിൽ മാറാൻ കാരണമാകുന്നുണ്ട്. കുറഞ്ഞ വിലയിൽ ചെറിയ ഹൈബ്രിഡ് വാഹനങ്ങൾ എത്തുന്നതോടെ ഇന്ത്യൻ കാർ വിപണിയിൽ വമ്പൻ മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്.




