2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഗ്യാനേഷിന്‍റെ രാജിക്കായി സമരം കടുപ്പിച്ച് പ്രതിപക്ഷം, ഇംപീച്ച്മെന്റ് ആലോചനയിൽ, ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി; എസ്ഐആർ ഹർജികൾ സുപ്രീം കോടതിയിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 03:00 AM
പങ്കുവെക്കുക:
ഗ്യാനേഷിന്‍റെ രാജിക്കായി സമരം കടുപ്പിച്ച് പ്രതിപക്ഷം, ഇംപീച്ച്മെന്റ് ആലോചനയിൽ, ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി; എസ്ഐആർ ഹർജികൾ സുപ്രീം കോടതിയിൽ
ഗ്യാനേഷിന്‍റെ രാജിക്കായി സമരം കടുപ്പിച്ച് പ്രതിപക്ഷം, ഇംപീച്ച്മെന്റ് ആലോചനയിൽ, ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി; എസ്ഐആർ ഹർജികൾ സുപ്രീം കോടതിയിൽകേരളപ്രഭാതം

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിപക്ഷം സമരം ശക്തമാക്കുന്നു. ഇംപീച്ച്മെന്റ് നടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ത്യാ സഖ്യവും യോഗം ചേരും. ഇതിനിടെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എസ്ഐആർ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

​ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാൻ പ്രതിപക്ഷം. തുടർസമര പരിപാടികൾക്കും പ്രക്ഷോഭങ്ങൾക്കും രൂപം നൽകുന്നതിനായി കോൺഗ്രസ് പ്രവർത്തക സമിതി (സി.ഡബ്ല്യു.സി) യോഗം ഇന്ന് ഡൽഹിയിൽ ചേരും.

​ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടക്കുന്നതിന്റെ നിയമവശങ്ങൾ നിയമവിദഗ്ധർ പരിശോധിച്ചു വരികയാണ്. ഇന്നത്തെ പ്രവർത്തക സമിതി യോഗത്തിൽ ഇക്കാര്യം പ്രധാന ചർച്ചയാകും. വിഷയം നാളെ ചേരുന്ന ഇന്ത്യാ സഖ്യ യോഗത്തിലും ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക എന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. അതിനിടെ, ആഗ്രയിലുള്ള ഗ്യാനേഷ് കുമാറിന്റെ വീടിനു മുന്നിൽ പ്രതിഷേധിച്ച രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

​എസ്.ഐ.ആർ ഹർജികൾ സുപ്രീംകോടതിയിൽ

​ഡൽഹിയിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് കേൾക്കുന്നത്. വോട്ടർമാർക്ക് അയക്കുന്ന നോട്ടീസുകളിൽ എന്ത് വിവരത്തിലാണ് വിശദീകരണം തേടുന്നതെന്ന് വ്യക്തത വരുത്തണമെന്ന് കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി നിർദേശിച്ചിരുന്നു.

​ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവരടക്കം 31 ലക്ഷത്തോളം പേർക്ക് നോട്ടീസ് അയച്ചതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്.

​അതിനിടെ, ഇ.സി.ഐ നെറ്റിൽ ഇടപെടാൻ ഇ.ആർ.ഒമാർക്ക് കൂടുതൽ അധികാരം നൽകണമെന്ന് മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫീസർ (സി.ഇ.ഒ) കമ്മീഷനോട് ആവശ്യപ്പെട്ടു. ഹിയറിങ് ഒഴിവാക്കാനും കൂടുതൽ രേഖകൾ സ്വീകരിക്കാനുമുള്ള അവകാശം ഇ.ആർ.ഒമാർക്ക് നൽകണമെന്ന് വ്യക്തമാക്കിയാണ് മഹാരാഷ്ട്ര സി.ഇ.ഒ കത്തയച്ചത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)