ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റു, ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്; വിമാനത്തിന് കേടുപാട്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഇടിമിന്നലേറ്റ് മുൻഭാഗത്തിന് കേടുപാട് സംഭവിച്ചതിനെ തുടർന്ന് 110 ആളുകളുമായി വന്ന പട്‌ന-ലഖ്‌നൗ ഇൻഡിഗോ വിമാനം ലഖ്‌നൗവിൽ അടിയന്തര ലാൻഡിങ് നടത്തി. 17,000 അടി ഉയരത്തിൽ വെച്ച് അപകടത്തിൽപെട്ട വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു.
ലഖ്‌നൗ: പറന്നുയർന്ന ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റതിനെ തുടർന്ന് ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. പട്‌നയിൽനിന്ന് ലഖ്‌നൗവിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരും ആറ് ജീവനക്കാരും പരിക്കേൽക്കാതെ സുരക്ഷിതരായി പുറത്തെത്തി.
ബുധനാഴ്ച രാത്രി 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിമാനത്തിന് മിന്നലേറ്റത്. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് (റേഡോം) കേടുപാടുകൾ സംഭവിച്ചു. തുടർന്ന് നിർദിഷ്ട സമയത്തിനും എട്ട് മിനിറ്റ് മുൻപേ പൈലറ്റ് വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു. ഡിജിസിഎയുടെ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ ഇനി വിമാനം തുടർ സർവീസുകൾ നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.




