ജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകണോ? മലയാളി ദമ്പതിമാരുടെ തർക്കം സുപ്രീംകോടതിയിൽ; ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ ഭർത്താവിനെതിരേ കോടതിയലക്ഷ്യനടപടി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ജോലിയുള്ള ഭാര്യക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെ, ജഡ്ജിമാർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മലപ്പുറം സ്വദേശിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ മുന്നറിയിപ്പ്. നവംബറിൽ നേരിട്ട് ഹാജരാകാനും ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും ജസ്റ്റിസ് എ. അമാനുള്ള, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
ന്യൂഡൽഹി: ജോലിയുള്ള ഭാര്യയ്ക്ക് ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടോയെന്ന തർക്കം സുപ്രീംകോടതിയിൽ എത്തിയതിന് പിന്നാലെ, ജഡ്ജിമാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട ഭർത്താവിനെതിരെ കോടതിയലക്ഷ്യ നടപടി. മലപ്പുറം സ്വദേശിയായ ഇ.പി. ജയപ്രകാശിനെതിരെയാണ് സുപ്രീംകോടതി കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. വരുന്ന നവംബറിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ ഇയാളോട് നിർദേശിച്ചിട്ടുണ്ട്.
ജുഡീഷ്യറിയെയും ജഡ്ജിമാരെയും അധിക്ഷേപിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റുകളിട്ടതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി, ജയപ്രകാശിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി.
മലപ്പുറം സ്വദേശി ജയപ്രകാശും പത്തനംതിട്ട സ്വദേശിനിയും തമ്മിലുള്ള വിവാഹമോചനക്കേസാണ് സുപ്രീംകോടതിയിലെത്തിയത്. സ്വന്തമായി ജോലിയുള്ള ഭാര്യയ്ക്ക് ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാകുമോ എന്നതായിരുന്നു ഹർജിയിലെ പ്രധാന ചോദ്യം. കേസ് പരിഗണിച്ച തിരുവല്ല കുടുംബകോടതി ഭാര്യയുടെ ജീവനാംശ ഹർജി തള്ളിയിരുന്നു. എന്നാൽ, ഭാര്യയ്ക്ക് താൽക്കാലിക ജോലി മാത്രമാണുള്ളതെന്നും അതിനാൽ ജീവനാംശത്തിന് അർഹതയുണ്ടെന്നും വ്യക്തമാക്കി ഹൈക്കോടതി ഉത്തരവിട്ടു. തുക തീരുമാനിക്കാൻ കുടുംബകോടതിയോട് നിർദേശിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ജയപ്രകാശ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ, ഹർജിക്കാരനായ ജയപ്രകാശ് ഫേസ്ബുക്കിലൂടെ ജഡ്ജിമാർക്കും ജുഡീഷ്യറിക്കുമെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്ന് ഭാര്യ കോടതിയിൽ നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി. 2023ൽ വിധി പറയാൻ വൈകിയെന്നാരോപിച്ച് തിരുവല്ല കുടുംബകോടതി ജഡ്ജിയുടെ വാഹനം തല്ലിത്തകർത്ത കേസിൽ ഇയാൾ പ്രതിയാണെന്നും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ച ജസ്റ്റിസ് എ. അമാനുള്ള, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച്, ഹർജിക്കാരന്റേത് അതിരുകടന്ന പ്രതികരണമാണെന്ന് നിരീക്ഷിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരെ അടക്കം മോശം പരാമർശം നടത്തിയതിനെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമർശിച്ചത്. തുടർന്നാണ് പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നും നവംബറിൽ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടത്.




