ലാൻഡിംഗിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാലറ്റം റണ്‍വേയിൽ ഉരഞ്ഞു; യാത്രക്കാർ സുരക്ഷിതർ.
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഇൻഡിഗോ വിമാനത്തിന് ടെയിൽ സ്ട്രൈക്ക്. സംഭവത്തിൽ ഡിജിസിഎ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബെംഗളൂരു:ലാൻഡിംഗിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാലറ്റം റൺവേയിൽ തട്ടി. ഗുവാഹത്തിയിൽ നിന്ന് 225 യാത്രക്കാരുമായി എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
മോശം കാലാവസ്ഥയെയും ശക്തമായ കാറ്റിനെയും തുടർന്ന് ആദ്യ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ചിരുന്നു. തുടർന്ന് രണ്ടാമത് ലാൻഡിംഗിന് ശ്രമിക്കവേയാണ് വിമാനത്തിന്റെ വാല് ഭാഗം റൺവേയിൽ ഉരസിയത് (ടെയിൽ സ്ട്രൈക്ക്). അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും യാത്രക്കാരെ പുറത്തെത്തിക്കുകയും ചെയ്തു.
മോശം കാലാവസ്ഥ കാരണം വിമാനത്തിന് അസാധാരണമായ റൺവേ കോൺടാക്റ്റ് ഉണ്ടായതായി ഇൻഡിഗോ വക്താവ് വ്യക്തമാക്കി. പ്രോട്ടോകോൾ പ്രകാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ) വിവരമറിയിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് എയർബസ് എ321 നിയോ (A321 neo) വിമാനം താൽക്കാലികമായി സർവീസിൽ നിന്ന് മാറ്റി നിർത്തി. കൃത്യമായ പരിശോധനകൾക്കും അനുമതികൾക്കും ശേഷം മാത്രമേ വിമാനം ഇനി സർവീസിന് ഉപയോഗിക്കൂ.
കഴിഞ്ഞ മാസം ഡൽഹിയിൽ നിന്ന് ഗോരഖ്പൂരിലേക്ക് പോയ ഇൻഡിഗോ വിമാനത്തിനും സമാനമായ രീതിയിൽ ടെയിൽ സ്ട്രൈക്ക് സംഭവിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ഡി.ജി.സി.എ ആശങ്ക രേഖപ്പെടുത്തുകയും സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.




