ഇന്ത്യയിലെ സ്ഥിരജോലി ഉപേക്ഷിച്ച് കാനഡയിലെത്തി; കിട്ടിയത് ബർഗർ ജോലി; ദുരനുഭവം പങ്കുവച്ച് പ്രവാസി യുവാവ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കാനഡയിൽ മെച്ചപ്പെട്ട ജീവിതം തേടിയെത്തി തുടക്കത്തിൽ കഠിനമായ ദുരനുഭവങ്ങൾ നേരിട്ട മലയാളി യുവാവിന്റെ അതിജീവന കഥ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
കാനഡ: ഇന്ത്യയിലെ സ്ഥിരജോലിയും കുടുംബത്തെയും ഉപേക്ഷിച്ച് മെച്ചപ്പെട്ട ജീവിതം തേടി കാനഡയിലെത്തിയ മലയാളി യുവാവിന്റെ അനുഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വിദേശത്ത് എത്തിപ്പെട്ടതിന് പിന്നാലെ നേരിടേണ്ടിവന്ന കഠിനമായ ദുരനുഭവങ്ങളും അതിജീവനവുമാണ് കമൽ നന്ദ എന്ന യുവാവ് പങ്കുവെച്ചത്.
2023-ലാണ് കമൽ കാനഡയിലെത്തുന്നത്. മണിക്കൂറിന് 16 ഡോളർ വേതനത്തിൽ രാത്രിയിൽ 12 മണിക്കൂർ വരെ പ്രമുഖ ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിൽ ബർഗർ തയ്യാറാക്കുന്ന ജോലിയായിരുന്നു തുടക്കത്തിൽ ലഭിച്ചത്. ഇതിനിടെ ഉപഭോക്താവിൽ നിന്ന് നേരിടേണ്ടി വന്ന അക്രമവും അദ്ദേഹം ഓർത്തെടുത്തു. ജോലിക്കിടെ മദ്യപിച്ചെത്തിയ ഒരാൾ ഭക്ഷണം അഞ്ച് മിനിറ്റ് വൈകിയെന്ന പേരിൽ തനിക്ക് നേരെ പാനീയം എറിയുകയായിരുന്നു. ജീവനക്കാരുടെ കുറവുണ്ടായിരുന്നിട്ടും കടുത്ത അസഭ്യവർഷമാണ് ഉപഭോക്താവിൽ നിന്ന് നേരിടേണ്ടി വന്നത്.
ഈ സംഭവത്തോടെയാണ് പുതിയ ജോലി കണ്ടെത്താനുള്ള ശ്രമങ്ങൾ കമൽ ശക്തമാക്കിയത്. നിരന്തരമായ അപേക്ഷകൾക്കും അഭിമുഖങ്ങൾക്കും ഒടുവിൽ ഫ്രീലാൻസ് ആയി ചെയ്യാവുന്ന ഒരു ജോലി ലഭിച്ചു. എങ്കിലും മുൻപത്തെ ജോലി പൂർണ്ണമായി ഉപേക്ഷിക്കാതെ ഏഴ് മാസത്തോളം രണ്ട് ജോലികളും ഒരുമിച്ച് കൊണ്ടുപോയി. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പുതിയ ജോലിയും, അതിനുശേഷം ഒരു മണിക്കൂർ യാത്ര ചെയ്ത് വൈകിട്ട് 6 മുതൽ അർധരാത്രി വരെ ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിലെ ജോലിയും ചെയ്തു.
പിന്നീട് ഫ്രീലാൻസ് ജോലി പൂർണ്ണസമയ തൊഴിലായി മാറിയതോടെയാണ് ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിലെ ജോലി പൂർണ്ണമായി ഉപേക്ഷിച്ചത്. നിലവിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനും ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്രകൾ ചെയ്യാനും സാധിക്കുന്ന മികച്ച നിലയിലേക്ക് കമൽ എത്തിച്ചേർന്നു. ഇന്ത്യയിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് വിദേശത്തെത്തിയപ്പോൾ നേരിട്ട കടുത്ത വെല്ലുവിളികളെ അതിജീവിച്ച് വിജയം കണ്ടെത്തിയ കമലിന്റെ കഥ നിരവധി പേർക്കാണ് പ്രചോദനമാകുന്നത്.




