എയിംസിന് തറക്കല്ലിട്ടശേഷം മാത്രം ഇനി വോട്ട് ചോദിക്കും: സുരേഷ് ഗോപി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

എയിംസിന് തറക്കല്ലിട്ട ശേഷം മാത്രമേ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കൂ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കണ്ണൂരിൽ വ്യക്തമാക്കി. പദ്ധതിക്കായി അഞ്ച് സ്ഥലങ്ങളുടെ പട്ടിക സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്നും, ആലപ്പുഴയാണോ തൃശൂരാണോ പരിഗണിക്കേണ്ടതെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂർ: കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തറക്കല്ലിടൽ പൂർത്തിയാക്കാതെ അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങളോട് വോട്ട് ചോദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എയിംസിനായി സംസ്ഥാന സർക്കാർ അഞ്ച് സ്ഥലങ്ങളുടെ നിർദേശം കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു.
ആലപ്പുഴയാണോ തൃശൂരാണോ പദ്ധതിക്കായി പരിഗണിക്കേണ്ടതെന്ന് സംസ്ഥാന സർക്കാർ ആദ്യം വ്യക്തമാക്കണം. 2025 ജൂണിൽ കേരളത്തിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ കൃത്യമായ സമയത്ത് തന്നെ എയിംസ് വരുമെന്ന് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിന് എയിംസ് അനുവദിക്കുന്നത് നിലവിൽ മുൻഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് മുൻഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നുമായിരുന്നു കേന്ദ്ര നിലപാട്. എന്നാൽ കേരളത്തിന്റെ മികവ് എയിംസ് നിഷേധിക്കാനുള്ള അയോഗ്യതയാണോ എന്ന് ഹൈക്കോടതി ചോദിച്ചു.
കേരളത്തിന് എയിംസ് ആവശ്യമാണെന്നും അതിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി. ഹർജി ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.




