സർക്കാർ കോളേജ് ഹോസ്റ്റലുകളിലെ അനധികൃത താമസം തടയും; കർശന നിർദേശങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സർക്കാർ കോളേജ് ഹോസ്റ്റലുകളിലെ അനധികൃത താമസം തടയാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് കർശന സർക്കുലർ പുറപ്പെടുവിച്ചു. വാർഡൻ നിയമനം, അവധിക്കാല പ്രവർത്തനം എന്നിവ ക്രമീകരിക്കുന്നതിനൊപ്പം വേനലവധിക്ക് ഹോസ്റ്റലുകൾ അടച്ചിടാനും നിർദേശമുണ്ട്.
തിരുവനന്തപുരം: സർക്കാർ കോളേജ് ഹോസ്റ്റലുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനുമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം. വാർഡൻ, ട്യൂട്ടർ നിയമനങ്ങൾ, അവധിക്കാലത്തെ പ്രവർത്തനം, അനധികൃത താമസം എന്നിവയുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് സർക്കുലർ ഇറക്കിയത്.
ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് അധികാരമുള്ള അധ്യാപകരെയായിരിക്കണം പ്രിൻസിപ്പൽമാർ വാർഡൻ ചുമതല ഏൽപ്പിക്കേണ്ടത്. അധ്യാപകരുടെ രേഖാമൂലമുള്ള സമ്മതം വാങ്ങിയശേഷം കോളേജ് കൗൺസിൽ യോഗം ചേർന്നുവേണം നിയമനം നടത്താൻ. വനിതാ ഹോസ്റ്റലുകളിൽ പുരുഷ അധ്യാപകരെ വാർഡനായി നിയമിക്കണമെങ്കിൽ ഡയറക്ടറേറ്റിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്.
വാർഡൻ, ട്യൂട്ടർ നിയമനങ്ങൾ ഒരു അധ്യയന വർഷത്തേക്ക് മാത്രമായിരിക്കും. ഇതിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരവും വാങ്ങണം. ഏപ്രിൽ, മേയ് മാസങ്ങളിലെ മധ്യവേനലവധിക്കാലത്ത് ഹോസ്റ്റലുകൾ അടച്ചിടണമെന്നാണ് ഉത്തരവ്. എന്നാൽ, പരീക്ഷകളോ സെമസ്റ്റർ ക്ലാസുകളോ ഉള്ള അടിയന്തര സാഹചര്യങ്ങളിൽ ഡയറക്ടറുടെ പ്രത്യേക അനുമതിയോടെ മാർച്ച് 31ന് ശേഷവും ഹോസ്റ്റലുകൾക്ക് പ്രവർത്തിക്കാം.




