എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണം: ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

എറണാകുളം ശിവക്ഷേത്ര ഉത്സവത്തിലെ 35 ലക്ഷത്തിന്റെ ബാധ്യതയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി.
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളിൽ ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിശദീകരണം തേടി. 2025–26 വർഷത്തെ ഉത്സവ നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ക്ഷേത്ര ഉപദേശക സമിതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
മൂന്ന് കോടിയിലധികം രൂപ ഉത്സവത്തിനായി സമാഹരിച്ചിട്ടും 35 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന ദേവസ്വം ഓഫീസറുടെ വെളിപ്പെടുത്തലാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതേത്തുടർന്ന് വരവ്-ചെലവ് കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഉപദേശക സമിതി രംഗത്തെത്തി. സാമ്പത്തിക ഇടപാടുകൾ, ബാങ്ക് രേഖകൾ, ബില്ലുകൾ, വൗച്ചറുകൾ എന്നിവ പരിശോധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തണമെന്ന് സമിതി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ നാലിന് ദേവസ്വം മന്ത്രിക്ക് സമിതി നൽകിയ പരാതിയെ തുടർന്ന്, വിജിലൻസ് അന്വേഷണത്തിനും ഉപദേശക സമിതി ഓഡിറ്റർ മുഖേനയുള്ള സാമ്പത്തിക ഓഡിറ്റിനും ദേവസ്വം കമ്മീഷണർ ഉത്തരവിട്ടിരുന്നു. ഓഡിറ്റിനാവശ്യമായ രേഖകൾ കൈമാറാൻ ദേവസ്വം ഓഫീസർക്ക് നിർദേശവും നൽകി.
വിജിലൻസ് അന്വേഷണവുമായി സമിതി പൂർണമായി സഹകരിച്ചെങ്കിലും, സാമ്പത്തിക രേഖകൾ കൈമാറാൻ ദേവസ്വം അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ഓഡിറ്റർ ടി.എസ്. രാജൻ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ചിട്ടും രേഖകൾ നൽകാത്തതിനെ തുടർന്നാണ് ഉപദേശക സമിതി ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാനും ഓഡിറ്റിനാവശ്യമായ രേഖകൾ ലഭ്യമാക്കാനും നിർദേശിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.




