യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തിൽ യൂട്യൂബർ അശ്വന്ത് കോക്ക് പോലീസിന് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസാണെന്ന് കണ്ടെത്തി. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് കൂടി കേസെടുത്ത മോട്ടോർ വാഹന വകുപ്പ്, അഞ്ച് വർഷത്തേക്ക് അശ്വന്തിന് ലൈസൻസ് പുതുക്കി നൽകില്ലെന്നും വ്യക്തമാക്കി.
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ പ്രമുഖ യൂട്യൂബർ അശ്വന്ത് കോക്ക് പോലീസിന് മുന്നിൽ ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്. സംഭവദിവസം ലൈസൻസ് കൈവശമില്ലെന്നാണ് അശ്വന്ത് പൊലീസിനോട് പറഞ്ഞിരുന്നത്. തുടർന്ന് പിന്നീട് സമർപ്പിച്ച രേഖകൾ പരിശോധിച്ചപ്പോഴാണ് 2025 ഫെബ്രുവരിയിൽ ലൈസൻസിന്റെ കാലാവധി അവസാനിച്ചതായി പോലീസ് കണ്ടെത്തിയത്.
ഇതോടെ മദ്യപിച്ച് വാഹനമോടിച്ചതിന് പുറമെ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും അശ്വന്തിനെതിരെ കേസെടുക്കും. അടുത്ത 5 വർഷത്തേക്ക് അശ്വന്തിന് ലൈസൻസ് പുതുക്കി നൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കാവിൽ വെച്ച് അശ്വന്ത് ഓടിച്ച വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ സ്ഥലത്തു തടിച്ചുകൂടിയ നാട്ടുകാരോട് അശ്വന്ത് തട്ടിക്കയറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അശ്വന്തിനെ പിന്നീട് പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.
അപകട സമയം അശ്വന്ത് സഞ്ചരിച്ചിരുന്ന വാഹനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് കുപ്പി മദ്യവും ഒരു എയർ ഗണ്ണും പോലീസ് കണ്ടെടുത്തു. അതേസമയം, സംഭവിച്ചത് തെറ്റാണെന്നും ഇനി മേലിൽ മദ്യപിച്ച് വാഹനമോടിക്കില്ലെന്നും വ്യക്തമാക്കി അശ്വന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തി. ജീവിതത്തിൽ നിയമവിരുദ്ധമായി ചെയ്ത ഒരേയൊരു കാര്യം ഇതാണെന്നും വീഡിയോയിൽ അശ്വന്ത് അവകാശപ്പെടുന്നുണ്ട്.




