'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു.
തിരുവനന്തപുരം: കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം കുത്തനെ വെട്ടിക്കുറച്ചതോടെ സംസ്ഥാനം കടുത്ത മണ്ണെണ്ണ ക്ഷാമത്തിലേക്ക് നീങ്ങുന്നു. വിഷയം ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കത്തയച്ചു. സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
നിലവിൽ 4,068 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ് ത്രൈമാസ വിഹിതമായി ലഭിക്കുന്നത്. മുൻപ് ലഭിച്ചിരുന്ന 56.76 ലക്ഷം ലിറ്ററിൽ നിന്ന് ഇത്തവണ ഒക്ടോബർ-ഡിസംബർ പാദത്തിലും വിഹിതം 40.68 ലക്ഷം ലിറ്ററായി കേന്ദ്രം പരിമിതപ്പെടുത്തി. 16.08 ലക്ഷം ലിറ്ററിന്റെ കുറവാണ് ഇതിലൂടെ സംസ്ഥാനത്തിനുണ്ടായത്. വിഹിതം പകുതിയോളം കുറഞ്ഞതോടെ സാധാരണക്കാരെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ഇത് രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
റേഷൻ വിതരണത്തെ ബാധിക്കും
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, മലയോര-തീരദേശ നിവാസികൾ എന്നിവർ സബ്സിഡി മണ്ണെണ്ണയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഗാർഹിക വിതരണ അളവ് 0.5 ലിറ്ററിൽ നിന്ന് ഒരു ലിറ്ററാക്കി വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. എൽ.പി.ജി വിതരണത്തിലെ നിയന്ത്രണവും മണ്ണെണ്ണയുടെ ആവശ്യകത വർധിപ്പിച്ചു.
നിലവിലെ കുറഞ്ഞ വിഹിതം കാരണം 5.94 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ ഒരു ലിറ്ററും, പിങ്ക്, നീല, വെള്ള കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് നൽകുന്നത്. എന്നാൽ വിഹിതം വെട്ടിക്കുറച്ചതോടെ എല്ലാ കാർഡുടമകൾക്കും മണ്ണെണ്ണ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. 2026-27 ലെ ആദ്യപാദത്തിൽ 5,496 കെ.എൽ അധികവിഹിതം അനുവദിക്കണമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണറും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിൽ
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്ക് വലിയ അളവിൽ മണ്ണെണ്ണ ആവശ്യമാണ്. റേഷൻ വിഹിതത്തിൽ നിന്നുകൂടി ഇവർക്ക് നൽകേണ്ടി വരുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. പലരും ഉയർന്ന വില നൽകി പൊതുവിപണിയിൽ നിന്നാണ് ഇപ്പോൾ ഇന്ധനം വാങ്ങുന്നത്. ഇതിനുപുറമെ റേഷൻ മണ്ണെണ്ണയുടെ വിലയും കേന്ദ്രം വർധിപ്പിച്ചു. നിലവിൽ ലിറ്ററിന് 71 രൂപ മുതൽ 76 രൂപ വരെ നിരക്കിലാണ് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ചെയ്യുന്നത്.




