രാജ്യതലസ്ഥാനത്ത് ഉന്നതതല ചർച്ച, പിന്നാലെ നിർണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികൾ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എൻ.ടി.പി.സിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക ധാരണയായതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കായംകുളത്ത് 2000 MWh സംഭരണ ശേഷിയുള്ള കൂറ്റൻ ബി.ഇ.എസ്.എസ് (BESS) പദ്ധതി സ്ഥാപിക്കാനും മഹാരാഷ്ട്രയിൽ നിന്ന് യൂണിറ്റിന് 5.18 രൂപ നിരക്കിൽ 300 MW അധിക വൈദ്യുതി വാങ്ങാനുമാണ് പ്രധാന തീരുമാനം.
ന്യൂഡൽഹി/തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കാനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സിയുമായി (NTPC) കൈകോർത്ത് കേരളം. രാജ്യതലസ്ഥാനത്ത് എൻ.ടി.പി.സി ഭാരവാഹികളുമായി നടത്തിയ ഉന്നതതല ചർച്ചക്ക് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
പുനരുപയോഗ ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം എന്നീ മേഖലകളിൽ ഇരുവിഭാഗവും ധാരണയിലെത്തി. ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ:
കായംകുളത്ത് ഭീമൻ എനർജി സ്റ്റോറേജ് സിസ്റ്റം: ഊർജ സംഭരണ രംഗത്ത് വലിയ മുന്നേറ്റ ലക്ഷ്യമിട്ട് കായംകുളത്ത് 2000 MWh ശേഷിയുള്ള കൂറ്റൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കും. കെ.എസ്.ഇ.ബി, എൻ.ടി.പി.സി, എൻ.ടി.പി.സി ഗ്രീൻ എനർജി ലിമിറ്റഡ് (NGEL) എന്നിവർ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ധാരണാപത്രം ഉടൻ ഒപ്പുവെക്കും.
പോത്തൻകോടും ശ്രീകണ്ഠപുരത്തും പദ്ധതികൾ: പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ 80 MWh വീതം ശേഷിയുള്ള ബി.ഇ.എസ്.എസ് (BESS) പദ്ധതികൾ 2027 മാർച്ചോടെ കമ്മീഷൻ ചെയ്യും.
300 മെഗാവാട്ട് അധിക വൈദ്യുതി: അടിയന്തര ആവശ്യങ്ങൾക്കായി മഹാരാഷ്ട്രയിലെ എൻ.ടി.പി.സി സിന്നർ പദ്ധതിയിൽ നിന്ന് 300 MW വരെ വൈദ്യുതി കേരളത്തിന് ലഭിക്കും. യൂണിറ്റിന് 5.18 രൂപ നിരക്കിലാണ് വൈദ്യുതി കൈമാറുക.
സമർപ്പിത വൈദ്യുതി നിലയം: കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങൾക്കായി സമർപ്പിത വൈദ്യുതി നിലയം വേണമെന്ന ആവശ്യം എൻ.ടി.പി.സിയെ അറിയിച്ചു. ഇതിന്റെ ഭാഗമായി രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ പവർ പർച്ചേസ് കരാറിൽ (PPA) ഏർപ്പെടാൻ എൻ.ടി.പി.സി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മറ്റ് തീരുമാനങ്ങൾ: കായംകുളത്തെ 27 MW സോളാർ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കും. കൂടാതെ കെ.എസ്.ഇ.ബിയുടെ പ്രവർത്തനമികവും സാങ്കേതിക ശേഷിയും വർധിപ്പിക്കുന്നതിന് എൻ.ടി.പി.സിയുടെ പ്രൊഫഷണൽ പിന്തുണയും ലഭ്യമാക്കും.
പുനരുപയോഗ ഊർജം കാര്യക്ഷമമായി സംഭരിക്കാനും പീക്ക് സമയങ്ങളിലെ കടുത്ത വൈദ്യുതി ക്ഷാമം പരിഹരിക്കാനും ഈ തീരുമാനങ്ങൾ സഹായകരമാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.




