സുഗതനെതിരെ കള്ളക്കേസ്; പൊലീസ് ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെതിരെ ഭരണകൂടം പൊലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുത്തതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെതിരെ പൊലീസ് ദുരുപയോഗം ചെയ്ത് കള്ളക്കേസെടുത്തതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മുൻ പിണറായി വിജയൻ സർക്കാർ കെട്ടിച്ചമച്ച കേസ് വി.ഡി. സതീശൻ സർക്കാരും തുടരുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നഗരസഭാ ഭരണം അട്ടിമറിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സുഗതനെതിരെ കേസെടുത്ത് ജയിലിലടച്ചത്. ഇതിനു പിന്നിലെ ആസൂത്രിത നീക്കം പൊതുസമൂഹം തിരിച്ചറിയണം. പൂജപ്പുര ജാമ്യത്തിൽ ഇറങ്ങിയ യുവമോർച്ച പ്രവർത്തകരെ സ്വീകരിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുൽ ഗാന്ധി ഭരണഘടനയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കുമ്പോൾ കേരളത്തിൽ നടക്കുന്നത് എന്താണെന്ന് ജനങ്ങൾക്ക് വ്യക്തമായിട്ടുണ്ട്. എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരെ പൊലീസിനെ ദുരുപയോഗം ചെയ്യുന്ന സി.പി.എം സർക്കാറിന്റെ അതേ രീതി തന്നെയാണ് വി.ഡി. സതീശൻ സർക്കാരും പിൻതുടരുന്നത്.
കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുരക്ഷ അട്ടിമറിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അന്നുതന്നെ ജാമ്യം ലഭിച്ചു. എന്നാൽ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ഇതുവരെ കുറ്റക്കാരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.




