മൃഗശാല നെയ്യാറിലേക്ക് മാറ്റാനുള്ള നീക്കം; എതിർപ്പുമായി മുൻ ജോയിന്റ് ഡയറക്ടർ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റാനുള്ള നീക്കം സാമ്പത്തിക, പാരിസ്ഥിതിക ദുരന്തമുണ്ടാക്കുമെന്ന് മുൻ ജോയിന്റ് ഡയറക്ടർ ജേക്കബ് അലക്സാണ്ടർ. ചരിത്ര പൈതൃകമായ മൃഗശാല നിലവിലെ സ്ഥലത്ത് തന്നെ സംരക്ഷിക്കണമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മൃഗശാല നെയ്യാറിലേക്ക് മാറ്റാനുള്ള സർക്കാറിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി മൃഗസംരക്ഷണ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോ. ജേക്കബ് അലക്സാണ്ടർ. നഗരത്തിന്റെ സാംസ്കാരിക പൈതൃകവും ശ്വാസകോശവുമായ മൃഗശാല മാറ്റുന്നത് സാമ്പത്തികവും പാരിസ്ഥിതികവുമായ വലിയ ദുരന്തത്തിന് വഴിവെക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിന്റെ മറവിൽ നടക്കുന്നത് സാംസ്കാരിക പിഴുതെറിയലാണെന്ന് ആരോപിച്ച അദ്ദേഹം, ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാറിന് മുന്നിൽ ശക്തമായ പ്രതിഷേധം അറിയിച്ചത്.
1859-ൽ സ്ഥാപിതമായ തിരുവനന്തപുരം മൃഗശാല ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഒന്നാണ്. 167 വർഷത്തെ പാരമ്പര്യമുള്ള ഈ പൈതൃക കേന്ദ്രം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ സാധാരണക്കാർക്കും വിദ്യാർഥികൾക്കും എളുപ്പത്തിൽ പ്രാപ്യമാണ്. എന്നാൽ 32 കിലോമീറ്റർ അകലെയുള്ള നെയ്യാറിലേക്ക് മാറ്റുന്നതോടെ സന്ദർശകരുടെ എണ്ണം കുത്തനെ ഇടിയുകയും സാമ്പത്തികമായി കനത്ത ബാധ്യതയായി മാറുകയുമേ ഉള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
പാരിസ്ഥിതിക കുറ്റകൃത്യമെന്ന് മുന്നറിയിപ്പ്
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഭാഗമായ നെയ്യാറിലെ സ്വാഭാവിക വനം വെട്ടിത്തെളിച്ച് കോൺക്രീറ്റ് കെട്ടിടങ്ങളും പാർക്കിങ് സൗകര്യങ്ങളും ഒരുക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കും. ഒരു കൃത്രിമ മൃഗശാല പണിയാനായി യഥാർത്ഥ കാട് നശിപ്പിക്കുന്നത് പാരിസ്ഥിതിക കുറ്റകൃത്യമാണെന്ന് ജേക്കബ് അലക്സാണ്ടർ കുറിച്ചു.
ലോകത്തെവിടെയും നഗരമധ്യത്തിലെ മൃഗശാലകൾ മാറ്റിയിട്ടില്ല
കൊൽക്കത്തയിലെ അലിപ്പൂർ, മൈസൂർ, മുംബൈ, ഡൽഹി തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെയും ലണ്ടൻ, വിയന്ന, ബെർലിൻ, ന്യൂയോർക്ക് (സെൻട്രൽ പാർക്ക്) തുടങ്ങിയ വിദേശ നഗരങ്ങളിലെയും പ്രശസ്തമായ മൃഗശാലകളെല്ലാം നഗരഹൃദയത്തിൽ തന്നെ നിലനിർത്തിയാണ് സംരക്ഷിക്കുന്നത്. ലണ്ടനോ വിയന്നയോ ചെയ്യാത്ത കാര്യം തിരുവനന്തപുരത്ത് നടപ്പാക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്.
നഗരമധ്യത്തിലെ പച്ചപ്പ് നിലനിർത്തിക്കൊണ്ട് നിലവിലെ സ്ഥലത്തുതന്നെ മൃഗശാല സംരക്ഷിക്കണമെന്നും തിരുവനന്തപുരത്തിന്റെ പൈതൃകത്തെയും വ്യക്തിത്വത്തെയും തകർക്കുന്ന നീക്കത്തിൽ നിന്ന് അധികൃതർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




