വിമര്‍ശനങ്ങള്‍ക്കിടയിലും കുതിപ്പ് തുടര്‍ന്ന് നാനിയുടെ ദ പാരഡൈസ്, ഇതുവരെ നേടിയത്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ദ പാരഡൈസ് ആകെ നേടിയത്.
നാനിയുടെ മാസ് അവതാരവുമായി എത്തിയ 'ദ പാരഡൈസ്' ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു. റിലീസിന് പിന്നാലെ ഉയർന്ന സമ്മിശ്ര പ്രതികരണങ്ങളെയും വിമർശനങ്ങളെയും കാറ്റിൽപ്പറത്തിയാണ് ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ ആഗോളതലത്തിൽ 167 കോടി രൂപയാണ് ചിത്രം നേടിയത്.
'ദസറ' എന്ന വൻ വിജയത്തിന് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിച്ച ചിത്രമാണ് 'ദ പാരഡൈസ്'. സുധാകർ ചെറുകുറിയുടെ ഉടമസ്ഥതയിലുള്ള ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ് നിർമ്മിച്ച ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.
ബിഗ് ബജറ്റിൽ ആക്ഷൻ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം വൈകാരികമായ അമ്മ-മകൻ ബന്ധത്തിന്റെ കഥകൂടിയാണ് സംസാരിക്കുന്നതെന്ന് നാനി വ്യക്തമാക്കിയിരുന്നു. 'ജേഴ്സി', 'ഗാങ് ലീഡർ' എന്നീ ഹിറ്റുകൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ "ആയാ ഷേർ", "യേഷാ നഗുല" എന്നീ ഗാനങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിട്ടുണ്ട്.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റായ ചിത്രത്തിൽ 'ജദാൽ' എന്ന മാസ്സ് കഥാപാത്രമായാണ് താരം എത്തുന്നത്. ബോളിവുഡ് ചിത്രം 'കില്ലി'ലൂടെ ശ്രദ്ധേയനായ രാഘവ് ജൂയൽ 'വിക്രം മാലിക്' എന്ന വില്ലൻ വേഷത്തിൽ തിളങ്ങുന്നു. കായദു ലോഹർ, മോഹൻ ബാബു, സമ്പൂർണേഷ് ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, തനികേല ഭരണി, രാജ രവീന്ദ്ര തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നിങ്ങനെ എട്ട് ഭാഷകളിലാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്തത്. സി എച്ച് സായ് ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന് അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈൻ ഒരുക്കിയത്.




