2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഇന്ത്യന്‍ ആശുപത്രികളില്‍ ഒഴുകിയെത്തിയത് 96,000 കോടിയുടെ വിദേശ നിക്ഷേപം; ചികില്‍സാ ചെലവ് കൂട്ടുന്നെന്ന് ആരോപണം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 5, തിങ്കൾ | 03:57 PM
പങ്കുവെക്കുക:
ഇന്ത്യന്‍ ആശുപത്രികളില്‍ ഒഴുകിയെത്തിയത് 96,000 കോടിയുടെ വിദേശ നിക്ഷേപം; ചികില്‍സാ ചെലവ് കൂട്ടുന്നെന്ന് ആരോപണം
ഇന്ത്യന്‍ ആശുപത്രികളില്‍ ഒഴുകിയെത്തിയത് 96,000 കോടിയുടെ വിദേശ നിക്ഷേപം; ചികില്‍സാ ചെലവ് കൂട്ടുന്നെന്ന് ആരോപണംകേരളപ്രഭാതം

വിദേശ നിക്ഷേപം കുതിച്ചുയർന്നതോടെ ഇന്ത്യൻ സ്വകാര്യ ആശുപത്രികൾ അത്യാധുനിക സൗകര്യങ്ങളോടെ വികസിച്ചെങ്കിലും ചികിത്സാച്ചെലവ് കുത്തനെ ഉയർന്നു. കോർപ്പറേറ്റ് വൽക്കരണവും മെഡിക്കൽ പണപ്പെരുപ്പവും സാധാരണക്കാർക്കും ഇടത്തരക്കാർക്കും വലിയ സാമ്പത്തിക ബാധ്യതയാവുകയാണ്.

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ആശുപത്രി മേഖലയിലേക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒഴുകിയെത്തിയത് 1000 കോടി ഡോളറിന്റെ (ഏകദേശം 96,000 കോടി രൂപ) വിദേശ നിക്ഷേപം. വിദേശ ഫണ്ടുകളുടെ വരവോടെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യകളും വൻതോതിൽ നവീകരിക്കപ്പെട്ടെങ്കിലും, സാധാരണക്കാർക്ക് ചികിത്സാച്ചെലവ് താങ്ങാനാവാത്തവിധം വർദ്ധിക്കുന്നതായി പരാതി. കോർപ്പറേറ്റ് വൽക്കരണം ഇൻഷുറൻസ് തർക്കങ്ങൾക്കും സാധാരണക്കാരുടെ സാമ്പത്തിക ബാധ്യത ഇരട്ടിക്കുന്നതിനും കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.

ബ്ലാക്ക്‌സ്റ്റോൺ, കെ.കെ.ആർ, ടി.പി.ജി, ജനറൽ അറ്റ്‌ലാന്റിക് തുടങ്ങിയ ആഗോള നിക്ഷേപ ഭീമന്മാരാണ് ഇന്ത്യൻ ആരോഗ്യ മേഖലയിൽ വൻതോതിൽ പണമിറക്കിയത്. രാജ്യത്തെ ആകെ ആശുപത്രി കിടക്കകളുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് ഈ കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ളതെങ്കിലും, ലാഭകരമായ ഹൃദ്രോഗം, ക്യാൻസർ ചികിത്സാ വിഭാഗങ്ങളിൽ ഇവരുടെ ആധിപത്യം പൂർണ്ണമാണ്.

വിദേശ മൂലധനത്തിന്റെ നിയന്ത്രണമില്ലാത്ത ഒഴുക്ക് ഇടത്തരം ആശുപത്രികളെ വിഴുങ്ങാൻ ഇടയാക്കുമെന്ന് പാർലമെന്ററി സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യമേഖലയിലെ വിദേശ നിക്ഷേപ ചട്ടങ്ങൾ പുനഃപരിശോധിക്കണമെന്നും ചികിത്സാ നിരക്കുകളിൽ വില നിയന്ത്രണം ഏർപ്പെടുത്തണമെന്നും സമിതി ശുപാർശ ചെയ്തു.

ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും കൊമ്പുകോർക്കുന്നു

വൻകിട ആശുപത്രികൾ ബില്ലുകൾ അനാവശ്യമായി കൂട്ടുകയാണെന്നും റോബോട്ടിക് സർജറികൾ ഉൾപ്പെടെയുള്ള ചെലവേറിയ രീതികൾ നിർബന്ധമാക്കുകയാണെന്നും ഇൻഷുറൻസ് കമ്പനികൾ ആരോപിക്കുന്നു. എന്നാൽ ഇൻഷുറൻസ് തുക അനുവദിക്കുന്നതിൽ ക്ലെയിമുകൾ വൈകിപ്പിക്കുന്നതും തുക വെട്ടിക്കുറയ്ക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ വാദം.

എന്തുകൊണ്ട് ഇന്ത്യ?

ഇന്ത്യയിൽ 1,000 പേർക്ക് 1.3 ആശുപത്രി കിടക്കകൾ മാത്രമാണുള്ളത്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ദയനീയമായ ഈ സാഹചര്യവും ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനവുമാണ് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നത്. ആരോഗ്യ മേഖലയിൽ മികച്ച സൗകര്യങ്ങൾ ഉറപ്പാക്കാൻ 3,200 കോടി ഡോളറിന്റെ (ഏകദേശം 3 ലക്ഷം കോടി രൂപ) നിക്ഷേപമെങ്കിലും ആവശ്യമുണ്ടെന്നാണ് 2021-ലെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തിലും കോർപ്പറേറ്റ് സ്വാധീനം

കേരളത്തിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ബേബി മെമ്മോറിയലിൽ 2024 ജൂലൈയിൽ കെ.കെ.ആർ ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. 1,000 കിടക്കകളുമായി തുടങ്ങിയ സ്ഥാപനം ഏറ്റെടുക്കലുകളിലൂടെ വലിയ വളർച്ചയാണ് കൈവരിച്ചത്. 2026 സാമ്പത്തിക വർഷത്തിൽ 600 കോടി രൂപയുടെ വരുമാനമാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, സ്വീഡിഷ് ഗ്രൂപ്പായ മെഡിക്കോവറിന്റെ ഇന്ത്യൻ ആശുപത്രികളും കെ.കെ.ആർ ഏറ്റെടുത്തു. ഇതോടെ ദക്ഷിണേന്ത്യയിൽ മാത്രം ഇവർക്ക് 10,000 കിടക്കകളുടെ നിയന്ത്രണമാകും.

ചികിത്സാച്ചെലവ് അഞ്ചു മുതൽ പത്തിരട്ടി വരെ

രാജ്യത്ത് മെഡിക്കൽ പണപ്പെരുപ്പം പ്രതിവർഷം 13 ശതമാനമെന്ന ഉയർന്ന നിരക്കിലാണ് കുതിക്കുന്നത്. സർക്കാർ ആശുപത്രികളെ അപേക്ഷിച്ച് സ്വകാര്യ മേഖലയിൽ അഞ്ചു മുതൽ പത്തിരട്ടി വരെയാണ് ചികിത്സാച്ചെലവ്. ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ പോലും തുക പൂർണ്ണമായി ലഭിക്കാത്ത അവസ്ഥയാണ്. ചികിത്സാച്ചെലവും ഇൻഷുറൻസ് പ്രീമിയവും കൈവിട്ടുപോകുന്നതോടെ, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്ത ഇടത്തരം കുടുംബങ്ങളാണ് ഏറ്റവും വലിയ പ്രതിസന്ധിയിലാകുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)